‘റീൽ ഹീറോസ്” മാത്രമാകരുത്; വിജയ് യുടെ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി ;ഒരു ലക്ഷം രൂപ പിഴയിട്ടു

0

ഇറക്കുമതി ചെയ്ത ആഡംബര കാറിന് നികുതി വെട്ടിപ്പ് നടത്തിയ നടന്‍ വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴയിട്ട് മദ്രാസ് ഹൈക്കോടതി.വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴ വിധിച്ച കോടതി അഭിനേതാക്കള്‍ യഥാര്‍ഥ ജീവിതത്തില്‍ ‘റീല്‍ ഹീറോകള്‍’ ആവരുതെന്ന് വിമര്‍ശിച്ചു.

ഇംഗ്ലണ്ടില്‍നിന്ന് 2012ല്‍ ഇറക്കുമതി ചെയ്ത റോള്‍സ് റോയ്‌സ് ഗോസ്റ്റ് കാറിന്റെ എന്‍ട്രി ടാക്‌സില്‍ ഇളവു തേടിയാണ് വിജയ് കോടതിയെ സമീപിച്ചത്. ഇതു തള്ളിയ ജസ്റ്റിസ് എസ്എം സുബ്രഹ്മണ്യന്‍ നടനെ വിമര്‍ശിക്കുകയായിരുന്നു.

സിമയിലെ സൂപ്പര്‍ ഹീറോകള്‍ നികുതി അടയ്ക്കാന്‍ മടിക്കുകയാണണെന്ന് കോടതി കുറ്റപ്പെടുത്തി. പിഴത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ അടയ്ക്കാന്‍ കോടതി നിര്‍ദേശിച്ചു.

വിജയ് സമര്‍പ്പിച്ച അപ്പീല്‍ തള്ളിയ ശേഷമാണ് കോടതി വിധി. വിജയ് ഉള്‍പ്പെടെയുള്ള ചില നടന്‍മാര്‍ക്ക് നിരവധി ആരാധകരുണ്ട്. യഥാര്‍ത്ഥ ജീവിതത്തില്‍ ഹീറോ പരിവേഷമാണ് ആരാധകര്‍ ഇവര്‍ക്ക് നല്‍കുന്നത്. ഇക്കാരണത്താല്‍ തന്നെയാണ് പലപ്പോഴും ഇത്തരം നടന്മാർ ഭരണാധികാരികളായതും. അപ്പോള്‍ അവർ വെറും ‘റീൽ ഹീറോസ്” മാത്രമാകരുത്. ഇത്തരം പ്രവര്‍ത്തികള്‍ ദേശവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായാണ് വ്യാഖാനിക്കപ്പെടുന്നത്. കോടതി വിമര്‍ശിച്ചു. ഈ മാസം എട്ടാം തീയതിയാണ് പിഴ വിധിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കിയത്.

നടനെ രൂക്ഷമായ ഭാഷയിലാണ് കോടതി വിമര്‍ശിച്ചത്.വിജയ് അഭിനയിക്കുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ അഴിമതിക്ക് എതിരെയുള്ളതാണ്. അത്തരം വേഷങ്ങളിലൂടെയാണ് ആരാധകരുണ്ടായതും. ടാക്‌സ് വെട്ടിപ്പ് നടത്തിയത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്ന ഒന്നല്ല. തന്റെ സിനിമ കാണാന്‍ ടിക്കറ്റ് എടുക്കുന്ന ലക്ഷക്കണക്കിന് ആരാധകരെ വിജയ് ഓര്‍ക്കണമായിരുന്നു. അവര്‍ ടിക്കറ്റ് എടുക്കുന്നതുകൊണ്ടും സിനിമ കാണുന്നതുകൊണ്ടുമാണ് താരത്തിന് ആഡംബര കാര്‍ സ്വന്തമാക്കാന്‍ കഴിഞ്ഞതെന്ന് ഓര്‍ക്കാമായിരുന്നു. സാധാരണക്കാര്‍ നികുതി അടയ്ക്കാനും നിയമത്തിന് അനുസരിച്ച് ജീവിക്കാനും ശീലിക്കുമ്പോള്‍ സമൂഹത്തില്‍ അറിയപ്പെടുന്നവരുടെ ഇത്തരം പ്രവണതകള്‍ തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും ജസ്റ്റിസ് സുബ്രഹ്‌മണ്യം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here