കേരള ക്രിക്കറ്റ് ടീം മുന്‍ നായകനും ഓപ്പണിംഗ് ബാറ്ററുമായ ഒ.കെ രാംദാസ് അന്തരിച്ചു. 74 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അന്ത്യം. പക്ഷാഘാതത്തെത്തുടര്‍ന്ന് തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്.

ഓപ്പണിങ്ങ് ബാറ്ററായിരുന്ന രാംദാസ് കാലിക്കറ്റ് സര്‍വ്വകലാശാലാ ക്യാപ്റ്റനായിരുന്നു. 20-ാമത്തെ വയസില്‍ കേരളാ ടീമിലെത്തി. രഞ്ജി ട്രോഫിയില്‍ കേരളത്തിനെ രാംദാസ് 13 വര്‍ഷം നയിച്ചു. കേരളത്തിന് വേണ്ടി 35 രഞ്ജി ട്രോഫി മത്സരം കളിച്ച രാംദാസ് 1647 റണ്‍സ് നേടി. 11 അര്‍ദ്ധ സെഞ്ചുറികളും നേടിയിട്ടുണ്ട്. മൂന്ന് വര്‍ഷം കേരളത്തിന്റെ ടോപ് സ്‌കോററായിരുന്നു രാംദാസ്. എസ് ബി ടിക്കു വേണ്ടിയും രാംദാസ് പാഡണിഞ്ഞിട്ടുണ്ട്. എസ് ബി ടി ഉദ്യോഗസ്ഥനായിരുന്ന രാംദാസ് പരിശീലകനായും കേരളാ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍, കെസിഎ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ ശോഭ. മകന്‍ കപില്‍ രാംദാസ്. ഒ.കെ രാംദാസിന്റെ വിയോഗത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ അനുശോചിച്ചു. മൃതദേഹം ജഗതിയിലെ മില്ലേനിയം അപ്പാര്‍ട്ടമെന്റില്‍ വൈകീട്ട് വരെ പൊതുദര്‍ശനത്തിന് വെക്കും. രാത്രി ഒമ്പതു മണിയോടെ സ്വദേശമായ കണ്ണൂരിലേക്ക് മൃതദേഹം കൊണ്ടുപോകുമെന്നാണ് വിവരം. കണ്ണൂര്‍ തളപ്പാറയിലെ വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം നാളെ ഉച്ചയോടെ സംസ്‌കരിക്കും.

Leave a Reply

Your email address will not be published. Required fields are marked *