തിരുവനന്തപുരം: ഉരുള്‍പൊട്ടലുണ്ടായ കോഴിക്കോട് ജില്ലയിലെ വിലങ്ങാടിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇക്കാര്യം ആവശ്യപ്പെട്ട് സതീശന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ അതേ ദിവസങ്ങളിലാണ് കോഴിക്കോട് വിലങ്ങാട്ടും ഉരുള്‍ പൊട്ടിയത്. ഒരു മഹാദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നപ്പോള്‍ വിലങ്ങാടിന് മതിയായ ശ്രദ്ധ കിട്ടിയിട്ടില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു.
വയനാടിന്റെ വിലാപത്തോട് പ്രതികരിച്ച അതേ രീതിയില്‍ വിലങ്ങാടിന്റെ ദുഃഖവും നമ്മള്‍ കാണണം. അടിയന്തര പുനരധിവാസം ഉറപ്പ് വരുത്തണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു. വളരെ അനുകൂലമായ സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും നിവേദനം നല്‍കിയ ശേഷം വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. വയനാട്ടിലും വിലങ്ങാടിലുമുണ്ടായ ദുരന്തത്തെ അതിജീവിക്കാന്‍ പ്രതിപക്ഷത്തിന്റെ എല്ലാ സഹായ സഹകരണവും ഉണ്ടാകുമെന്നും സതീശന്‍ പറഞ്ഞു.
