ഡൽഹിയിൽ വീണ്ടും സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. മൂന്ന് സ്കൂളുകൾക്കാണ് ഫോൺ കാൾ വഴി ഭീഷണി സന്ദേശം ലഭിച്ചത്. ഇതേ തുടർന്ന് ഇന്നത്തെ ക്ലാസുകൾ നിർത്തിവെച്ചിരിക്കുകയാണ്. അഗ്നിശമനസേനയും പൊലീസ് ഉദ്യോഗസ്ഥരും ഉടൻ തന്നെ സ്ഥലത്തെത്തി സമഗ്രമായ തിരച്ചിൽ നടത്തി. സംശയാസ്പദമായ വസ്തുക്കളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചു. പശ്ചിമ വിഹാറിലെ ഭട്‌നഗർ ഇൻ്റർനാഷണൽ സ്‌കൂൾ, ശ്രീനിവാസ് പുരിയിലെ കേംബ്രിഡ്ജ് സ്‌കൂൾ, ഈസ്റ്റ് ഓഫ് കൈലാഷിലെ ഡിപിഎസ് അമർ കോളനി എന്നിവിടങ്ങളിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്.

അതേസമയം, നേരത്തെയും ഇത്തരത്തിലുള്ള സന്ദേശങ്ങൾ ഡൽഹിയിലെ പല സ്‌കൂളുകളിലേക്കും എത്തിയിരുന്നു. പശ്ചിമ വിഹാറിലെ ജിഡി ഗോയങ്ക സ്കൂൾ, ആര്‍ കെ പുരത്തെ ഡല്‍ഹി പബ്ലിക് സ്കൂള്‍ തുടങ്ങി 40 ത് സ്ഥാപനങ്ങളിലേക്കും ഭീഷണി സന്ദേശങ്ങൾ എത്തിയിരുന്നു. സ്കൂൾ കെട്ടിടത്തിനകത്ത് നിരവധി ബോംബുകൾ സ്ഥാപിച്ചിട്ടുണ്ട് എന്നും, അവ നിർവീര്യമാക്കണമെങ്കിൽ 30000 ഡോളർ നൽകണം എന്നുമായിരുന്നു സന്ദേശത്തിൽ ആവശ്യപ്പെട്ടിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *