പാലക്കാട്: പനയമ്പാടത്ത് സിമന്റ് ലോറി ഇടിച്ചു മരിച്ച നാല് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് കണ്ണീരോടെ വിട നല്‍കാനൊരുങ്ങി നാട്. നാല് വിദ്യാര്‍ഥിനികളുടേയും കബറടക്കം ഇന്ന് നടക്കും. മൃതദേഹങ്ങള്‍ രാവിലെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. രാവിലെ എട്ടര മുതല്‍ തുപ്പനാട് കരിമ്പനയ്ക്കല്‍ ഹാളില്‍ മൃതദേഹങ്ങള്‍ പൊതുദര്‍ശനം. പിന്നീട് 10.30 ന് തുപ്പനാട് ജുമാ മസ്ജിദില്‍ ഖബറടക്കും.

സ്‌കൂളിനു ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂളില്‍ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. ഇന്നലെ വൈകിട്ട് പരീക്ഷ കഴിഞ്ഞ് വിദ്യാര്‍ഥിനികള്‍ വീട്ടിലേക്കു മടങ്ങാന്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോഴായിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി വിദ്യാഥിനികളുടെ നേരെ പാഞ്ഞു കയറുകയായിരുന്നു. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളായ ആയിഷ, ഇര്‍ഫാന, റിദ, നിദ എന്നിവരാണ് മരിച്ചത്.

അതേസമയം അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള ലോറി ഡ്രൈവറുടേയും ക്ലീനറുടെയും വിശദമായ മൊഴി ഇന്നെടുക്കും. ഡ്രൈവര്‍ മഹേന്ദ്ര പ്രസാദ്, ക്ലീനര്‍ വര്‍ഗീസ് എന്നിവരുടെ മൊഴി കല്ലടിക്കോട് പൊലീസിന്റെ നേതൃത്വത്തില്‍ രേഖപ്പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *