രാജ്യത്ത് യഥാര്‍ത്ഥ സ്വാതന്ത്ര്യം സ്ഥാപിതമായത് രാമക്ഷേത്രം നിര്‍മ്മാണത്തോടെ എന്ന് മോഹന്‍ ഭഗവത് . അയോധ്യയിലെ പ്രാണപ്രതിഷ്ഠ വാര്‍ഷികവുമായി ബന്ധപ്പെട്ട് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആര്‍എസ്എസ് തലവന്‍. രാമക്ഷേത്രത്തിനായുള്ള പ്രയത്‌നങ്ങള്‍ രാജ്യത്തിന്റെ സ്വത്വത്തെ ഉണര്‍ത്തിയെന്നും ലോകത്തെ നയിക്കാന്‍ പ്രാപ്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയെപ്പോലെ സ്വാതന്ത്ര്യം നേടിയ രാജ്യങ്ങള്‍ ഏറെ മുന്നോട്ടു പോയിട്ടും നമുക്ക് അത്തരത്തില്‍ കുതിക്കാന്‍ കഴിഞ്ഞിരുന്നില്ല. രാമക്ഷേത്ര നിര്‍മ്മാണത്തോടെ പുതിയ ഉണര്‍വ് രാജ്യത്തിന് ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 22നാണ് പ്രാണ പ്രതിഷ്ഠ നടന്നതെങ്കിലും ഹിന്ദു കലണ്ടര്‍ പ്രകാരം ജനുവരി 11നാണ് വാര്‍ഷികം ആചരിക്കുന്നത്.
അയോധ്യയില്‍ പ്രാണപ്രതിഷ്ഠ നടന്ന ദിവസം പ്രതിഷ്ഠാ ദ്വാദശിയായി രാജ്യം ആചരിക്കണമെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. ആരെയും എതിര്‍ത്ത് തോല്‍പ്പിക്കാനായിരുന്നില്ല രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ. ഭാരതത്തിന്റെ ആത്മാവിനെ ഉണര്‍ത്താനുള്ള ചടങ്ങായിരുന്നു അത്. അതുവഴി രാജ്യത്തിന് സ്വന്തം കാലില്‍ നില്‍ക്കാനും ലോകത്തെ നയിക്കാനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നുഴഞ്ഞുകയറ്റക്കാര്‍ ഈ രാജ്യത്തെ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു. അതോടെ ഈ രാജ്യത്തിന്റെ ആത്മാവ് ക്ഷയിക്കാന്‍ തുടങ്ങി. ചില ശക്തികള്‍ രാമന്റെ ജന്മസ്ഥലത്ത് ക്ഷേത്രം വരാന്‍ സമ്മതിക്കില്ലെന്ന് ശഠിച്ചു. അതാണ് രാമക്ഷേത്ര നിര്‍മാണം ഇത്ര നാള്‍ നീണ്ടുപോയതെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *