ന്യൂഡല്‍ഹി: വഖഫ് നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉടന്‍ സംഘടിപ്പിക്കുമെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാന ഫസലുര്‍റഹീം മുജദ്ദിദി. ഭേദഗതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യംവെക്കുന്നത് രാഷ്ട്രീയ നേട്ടമെന്നും മൗലാന ഫസലുര്‍റഹീം മുജദ്ദിദി പറഞ്ഞു.
പ്രതിപക്ഷത്തിന്റെയും രാജ്യത്തെ വിവിധ മുസ്ലിം സംഘടനകളുടെയും എതിര്‍പ്പുകള്‍ മറികടന്ന് വഖഫ് നിയമ ഭേദഗതി ബില്‍ പാസാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ രാജ്യവ്യാപകമായി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് സംഘടിപ്പിക്കും. ബിജെപിയുടെ അധികാരം ഉപയോഗിച്ച് ബില്‍ പാസാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വ്യക്തി നിയമ ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാന ഫസലുര്‍റഹീം മുജദ്ദിദി പറഞ്ഞു.
‘സര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ച് ബില്‍ പാസാക്കാന്‍ ആണ് ശ്രമിക്കുന്നത്. ഭരണഘടനയുടെ ധാര്‍മികത വെച്ചാണ് ഞങ്ങള്‍ സംസാരിക്കുന്നത്. അത് പ്രകാരം ബില്ല് നിയമവിരുദ്ധമാണ്. ബില്ല് മനുഷ്യത്വത്തിനെതിരാണ്. മതസ്വാതന്ത്ര്യത്തിന് എതിരാണ്,’ അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിന്ദുക്കളെയും മുസ്ലിങ്ങളെയും തമ്മിലടിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ എല്ലാവര്‍ക്കുമുണ്ടെന്നും ഫസലുര്‍റഹീം ഓര്‍മ്മിപ്പിച്ചു.