വെങ്ങാനൂരില്‍ അധ്യാപകന്റെ വാഹനം അപകടത്തിൽപ്പെട്ട വിവരം സഹപാഠികളോട് പങ്കുവെച്ച ആറാം ക്ലാസുകാരനെ മര്‍ദിച്ച സംഭവത്തില്‍ അധ്യാപകനെതിരെ കേസ്. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് അധ്യാപകന്‍ സെബിനെതിരെ കേസെടുത്തത്. വെങ്ങാനൂര്‍ വി.പി.എസ്. മലങ്കര സ്‌കൂളില്‍ തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.. ക്ലാസമുറിയിലെത്തി കുട്ടിയെ സ്റ്റാഫ് മുറിയിലേക്ക് വിളിച്ചുകൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. മര്‍ദനം സഹിക്കവയ്യാതെ കുട്ടി സ്റ്റാഫ് മുറിയില്‍നിന്ന് ഇറങ്ങിയോടി. എന്നാല്‍, അധ്യാപകന്‍ വീണ്ടും കുട്ടിയെ വിളിച്ചുവരുത്തി മര്‍ദിച്ചു.കുട്ടിയെ അധ്യാപകൻ ചൂരൽകൊണ്ട് അടിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. വടി ഒടിയുന്നതുവരെ കുട്ടിയെ മര്‍ദിച്ചെന്നും ആരോപണമുണ്ട്. കുട്ടിയുടെ ശരീരത്തില്‍ മര്‍ദനത്തിന്റെ പാടുകളുണ്ട്.
കുട്ടിയുടെ രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതര്‍ക്കും മാനേജ്‌മെന്റിനും പരാതി നല്‍കിയിരുന്നു. പരാതിയില്‍ അധ്യാപകനെതിരെ നടപടിയെടുത്തുവെന്നായിരുന്നു സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. അധ്യാപകനെ മാറ്റിനിര്‍ത്തി എന്നായിരുന്നു അറിയിച്ചത്. എന്നാല്‍, ഇയാള്‍ വീണ്ടും സ്‌കൂളില്‍ തുടര്‍ന്നതോടെയാണ് പോലീസിന് പരാതി നല്‍കിയത്. ജുവനൈല്‍ ജസ്റ്റിസ് ആക്ടിന് പുറമേ ഭാരതീയ ന്യായസംഹിതയുടെ 118 (1) വകുപ്പും ചുമത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *