രോഗിയുടെ ബന്ധുക്കളും നാട്ടുകാരും ഡോക്ടർമാരെ തല്ലുന്നത് നല്ല കാര്യമല്ലെങ്കിലും എന്നാൽ ചിലർ കൊള്ളേണ്ടവർ ആണെന്ന് കെ ബി ഗണേഷ് കുമാർ എംഎല്‍എ. തന്റെ മണ്ഡലത്തിൽ ഒരു സ്ത്രീയെ ശസ്ത്രക്രിയ നടത്തിയപ്പോള്‍ ഉണ്ടായ പിഴവ് ചൂണ്ടികാട്ടി നിയമ സഭയിൽ ആരോഗ്യവകുപ്പിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പ്രസംഗിക്കുകയായിരുന്നു എംഎല്‍എ.

തന്റെ നിയോജക മണ്ഡലത്തിലെ വിധവയായ സ്ത്രീക്ക് തിരുവനന്ത പുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്ക് വിധേയമാക്കി. അവരുടെ വയറ് അലമാര തുറന്നത് പോലെ വെട്ടി പൊളിച്ചേക്കുവാണ്. ഇതുവരെ സ്റ്റിച്ച് ചെയ്തിട്ടില്ല. ഇക്കാര്യം താന്‍ മന്ത്രി വീണാ ജോര്‍ജിനെ അറിയിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഉടന്‍ പുനലൂര്‍ താലൂക്കാശുപത്രിയില്‍ വിളിച്ചു രോഗിയെ എത്തിക്കാന്‍ പറഞ്ഞു. എന്നാല്‍ ആ സ്ത്രീയെ അഡ്മിറ്റ് ചെയ്യാന്‍ ജനറല്‍ സര്‍ജറി വിഭാഗം മേധാവി 2000 രൂപ വാങ്ങി. വിജിലന്‍സ് അന്വേഷണം നടത്തിയാല്‍ താന്‍ തെളിവുകള്‍ കൊടുക്കാമെന്നും ഗണേഷ് കുമാര്‍ സഭയില്‍ വ്യക്തമാക്കി. ഐഎംഒയും കെജിഎംഒ ആയിലും തനിക്കൊരു ഭയമില്ലെന്നും എംഎല്‍എ പറഞ്ഞു.

അതേ സമയം ഗണേശ് കുമാർ ഉന്നയിച്ച പരാതി അന്വേഷിക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കൂടാതെ രോഗികളില്‍നിന്ന് ഇടനിലക്കാര്‍ വഴിയോ അല്ലാതെയോ കൈക്കൂലി വാങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

‘രോഗം നിസ്സഹായത സൃഷ്ടിക്കുന്ന സാഹചര്യമാണ്. അങ്ങനെയുള്ളവരില്‍നിന്ന് രണ്ടായിരവും മൂവായിരവും വാങ്ങുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ഇതിനകം ലഭിച്ച പരാതികള്‍ അന്വേഷിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യും. സര്‍ക്കാര്‍ ആശുപത്രികളില്‍ ത്യാഗപൂര്‍ണമായി സേവനമനുഷ്ഠിക്കുന്ന ഡോക്ടര്‍മാരുണ്ട്. ഇതിന് അപവാദമായി പ്രവര്‍ത്തിക്കുന്ന ചിലരുണ്ടെന്നത് നിര്‍ഭാഗ്യകരമാണ്. ഇവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം’. മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *