തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവത്തിലെ കോഴ ആരോപണത്തെ തുടര്‍ന്ന് ജീവനൊടുക്കിയ ഷാജിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നുവെന്ന് ഷാജിയുടെ അമ്മ ലളിത. ഷാജിയുടെ മുഖത്ത് കരുവാളിച്ച പാടുണ്ടായിരുന്നു. വിവാദസംഭവങ്ങളില്‍ ദുരൂഹതയുണ്ടെന്ന് ഷാജിയുടെ സഹോദരന്‍ അനില്‍ കുമാര്‍ ആരോപിച്ചു. മാര്‍ഗം കളി ഫലം അട്ടിമറിക്കാന്‍ പലരും സമീപിച്ചിരുന്നു. എന്നാല്‍ ഷാജി അതിന് വഴങ്ങാന്‍ തയ്യാറായില്ല. തന്നെ കുടുക്കിയതായി ഷാജി പറഞ്ഞിരുന്നു. ഷാജിയെ കുടുക്കിയത് ചില സുഹൃത്തുക്കളാണെന്നും അനില്‍ കുമാര്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെ എത്തിയതിനു ശേഷം അസ്വസ്ഥനായിട്ടാണ് ഷാജിയെ കണ്ടതെന്നും അനില്‍കുമാര്‍ വ്യക്തമാക്കി.
കേരള സര്‍വകലാശാല കലോത്സവത്തിലെ കോഴി ആരോപണത്തില്‍ ആരോപണ വിധേയനായ മാര്‍ഗംകളി വിധികര്‍ത്താവ് കണ്ണൂര്‍ താഴെചൊവ്വ സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം ‘സദാനന്ദാലയ’ത്തില്‍ പി എന്‍ ഷാജി (ഷാജി പൂത്തട്ട-51) യെ ഇന്നലെ വൈകിട്ടോടെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. രാവിലെ ഭക്ഷണം കഴിച്ചശേഷം വീട്ടിനകത്ത് മുറിയില്‍ കയറി വാതിലടയ്ക്കുകയായിരുന്നു. ഉച്ചഭക്ഷണം വേണ്ടെന്നും വിളിക്കരുതെന്നും വീട്ടുകാരോട് പറഞ്ഞു. പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. വിധികര്‍ത്താക്കള്‍ കോഴ വാങ്ങിയെന്നാരോപിച്ച് യുവജനോത്സവത്തിനിടെ സംഘര്‍ഷം നടന്നിരുന്നു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് മത്സരങ്ങള്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പ് വി സി ഇടപെട്ട് കലോത്സവം നിര്‍ത്തിവെപ്പിക്കുകയായിരുന്നു.