മുംബൈ: മഹാരാഷ്ട്രയിലെ ബോഡ്വാഡ് റെയില്‍വേ സ്റ്റേഷനിലെ ക്രോസിങ്ങില്‍ ഓടുന്ന ട്രെയിനില്‍ ഇടിച്ചുകയറി ട്രക്ക്. അപകടത്തില്‍ യാത്രക്കാരും ലോക്കോപൈലറ്റും ലോറി ഡ്രൈവറും ക്ലീനറും പരിക്കില്ലാതെ അത്ഭുതകരമായി രക്ഷപെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ 4.30ന് മുംബൈ- അമരാവതി എക്‌സ്പ്രസിലാണ് ട്രക്ക് ഇടിച്ചുകയറിയത്.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ ട്രക്ക് രണ്ടായി പിളര്‍ന്നു. എഞ്ചിനില്‍നിന്ന് പുകയുയരുകയും ചെയ്തു. ട്രക്കിന്റെ മുന്‍ഭാഗം ട്രെയിനിന്റെ എഞ്ചിനില്‍ കുടുങ്ങിയതായി കാണാം. എന്നാല്‍ ട്രെയിനിന്റെ എഞ്ചിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗോതമ്പ് കയറ്റിയ ട്രക്ക് അനധികൃത വഴിയിലൂടെ റെയില്‍വേ ട്രാക്കുകള്‍ മുറിച്ചുകടക്കാന്‍ ശ്രമിച്ചപ്പോഴാണ് സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലെവല്‍ ക്രോസിങ് ഏറെക്കാലമായി അടച്ചിട്ടിരിക്കുകയായിരുന്നു. പകരം ഒരു ഓവര്‍ ബ്രിഡ്ജ് സ്ഥാപിച്ചിരുന്നു. ട്രക്ക് പഴയ ലെവല്‍ ക്രോസിങ് സ്റ്റോപ്പര്‍ തകര്‍ത്ത് ട്രാക്കിലേക്ക് കയറിയതാണ് അപകടകാരണമെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.