തന്നെ പ്രതി ചേർത്തത് മറ്റുള്ളവർ ചെയ്ത തെറ്റിനാണെന്ന് ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന കേസിലെ മുഖ്യപ്രതിയായ എം എസ് സൊല്യൂഷന്‍സ് സിഇഒ മുഹമ്മദ്‌ ഷുഹൈബ്. ചോദ്യപേപ്പർ ചോർച്ച കേസിൽ ജാമ്യം കിട്ടിയതിനു പിറകെ ചെയ്‌ത യൂട്യൂബ് വീഡിയോയിലാണ് ഷുഹൈബ് ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്.
മറ്റുള്ളവർ ചെയ്ത തെറ്റിനാണ് തന്നെ പ്രതി ചേർത്തത്. തന്‍റെ കാർ സുഹൃത്ത് ഓടിച്ച് അപകടമുണ്ടാക്കിയാൽ തന്നെയും പ്രതി ചേർക്കും. ചോദ്യപേപ്പർ ചോർച്ചയിൽ തന്നെ പ്രതി ചേർത്തതും അങ്ങനെ കണ്ടാൽ മതി. യൂട്യൂബ് ചാനലിലൂടെയുള്ള പ്രതികരണത്തിൽ ഷുഹൈബ് പറഞ്ഞു.

വിദ്യാർത്ഥികൾക്ക് ഒപ്പമാണ് എന്നും നിന്നിട്ടുള്ളത്. കുട്ടികളെ പോലെ അധ്യാപകർക്കും മൂല്യനിർണയം വേണമെന്ന് ആവശ്യപ്പെട്ടു മന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇത് ചില അധ്യാപകർക്ക് തന്നോട് ശത്രുത ഉണ്ടാക്കിയെന്നാണ് ഷുഹൈബ് പറയുന്നു. ലഹരി മാഫിയക്ക് ചില സ്കൂളുകളുമായും ട്യൂഷൻ സെന്‍ററുകളുമായും അടുപ്പമുണ്ടെന്ന് പറഞ്ഞതും ശത്രുത വർദ്ധിപ്പിച്ചുവെന്ന് ഷുഹൈബ് വീഡിയോയിൽ പറയുന്നു. എംഎസ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന് ചോദ്യപ്പേപ്പർ ചോർത്തി നൽകിയത് മലപ്പുറം മേൽമുറിയിലെ അൺ എയ്‌ഡഡ‍് സ്‌കൂളിലെ പ്യൂൺ അബ്ദുൽ നാസറാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. എം എസ് സൊല്യൂഷൻസ് അധ്യാപകൻ ഫഹദിന് ചോദ്യപേപ്പർ ചോർത്തി നൽകിയത് ഇയാളാണെന്നായിരുന്നുൂ കണ്ടെത്തല്‍. അബ്‌ദുൾ നാസർ ജോലി ചെയ്യുന്ന സ്‌കൂളിലാണ് മുൻപ് ഫഹദ് ജോലി ചെയ്തിരുന്നത്. ഈ ബന്ധം മുൻനിർത്തിയാണ് ചോദ്യപ്പേപ്പർ ചോർത്തിയതെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *