നിലമ്പൂര്‍: ഷാഫി പറമ്പില്‍ എം.പിയുടെയും രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയുടെയും വാഹനം തടഞ്ഞുനിര്‍ത്തി പെട്ടി പൊലീസ് പരിശോധിച്ച സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്. എല്‍.ഡി.എഫ് നേതാക്കളുടെ പെട്ടി പരിശോധിക്കുന്നില്ലെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.
എല്‍.ഡി.എഫ് എം.പിമാരുടെയും എം.എല്‍.എമാരുടെയും പെട്ടി പരിശോധിക്കാന്‍ പൊലീസിന് ധൈര്യം കാണില്ല. ഷാഫിയും രാഹുലും പെട്ടി പരിശോധിക്കരുതെന്ന് പറഞ്ഞിട്ടില്ല. വിശദമായി പരിശോധിക്കാനാണ് പറഞ്ഞത്. പെട്ടി പരിശോധിച്ചും ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചും നിലമ്പൂരില്‍ ജയിക്കാന്‍ സാധിക്കില്ലെന്നും ഷൗക്കത്ത് വ്യക്തമാക്കി.
പാലക്കാട് കേരളത്തിലെ അറിയപ്പെടുന്ന രണ്ട് വനിത നേതാക്കളുടെ മുറിയിലാണ് വനിത പൊലീസ് ഇല്ലാതെ പരിശോധന നടത്തിയത്. ഇതിന്റെ പ്രതിഫലനമാണ് പാലക്കാട് തെരഞ്ഞെടുപ്പ് ഫലത്തില്‍ കണ്ടതെന്നും ഷൗക്കത്ത് കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച രാത്രി 10 മണിക്കാണ് തെരഞ്ഞെടുപ്പ് പ്രചാരണം പൂര്‍ത്തിയാക്കി മടങ്ങിയ ഷാഫി പറമ്പില്‍ എം.പിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയും സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തി പൊലീസ് പരിശോധന നടത്തിയത്. രാത്രി ഭക്ഷണം കഴിച്ച് താമസസ്ഥലത്തേക്ക് മടങ്ങുംവഴി നിലമ്പൂരില്‍ വടപുറത്ത് വച്ചായിരുന്നു വാഹന പരിശോധന.
ഷാഫി പറമ്പില്‍ ആണ് വാഹനം ഓടിച്ചിരുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍പിലുള്ള സീറ്റില്‍ തന്നെ ഉണ്ടായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം ഷാഫിയും രാഹുലും മറ്റുള്ളവരും പുറത്തിറങ്ങി. തുടര്‍ന്ന് കാറിനുള്ളില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ ഡിക്കി തുറക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട പ്രകാരം ഡിക്കിയില്‍ നിന്നും ഷാഫി പെട്ടികള്‍ എടുത്ത് റോഡില്‍ വച്ചു. പെട്ടികള്‍ കണ്ട ഉദ്യോഗസ്ഥര്‍ തുറന്ന് പരിശോധിക്കാതെ യാത്ര തുടരാന്‍ ഷാഫി അടക്കമുള്ളവരോട് പറഞ്ഞു. എന്നാല്‍, പെട്ടി തുറന്ന് പരിശോധിക്കണമെന്ന് ഷാഫി ആവശ്യപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പെട്ടിക്കുള്ളില്‍ വസ്ത്രങ്ങളും പുസ്തകങ്ങളും ആണ് ഉണ്ടായിരുന്നതെന്ന് കണ്ടെത്തി.