തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ അതിവേഗം പടരുന്ന സാഹചര്യത്തിൽ ആരോഗ്യമേഖല കടുത്ത ആശങ്കയിൽ. കഴിഞ്ഞ പതിമൂന്ന് ദിവസത്തിനിടെ 41 പേരാണ് വിവിധ രോഗങ്ങൾ ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഇടവിട്ടുള്ള മഴയും കാലാവസ്ഥാ വ്യതിയാനവുമാണ് രോഗവ്യാപനം ഇത്രയേറെ രൂക്ഷമാക്കിയതെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നു.

പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളിൽ മാത്രം പതിനായിരത്തിലധികം പേരാണ് ചികിത്സ തേടിയത്. കഴിഞ്ഞ ദിവസം മാത്രം പനി ബാധിച്ച് 11,534 പേർ ആശുപത്രികളിലെത്തി. മരിച്ചവരിൽ ഒൻപത് പേർ ഇൻഫ്ലുവൻസ ബാധിച്ചവരും, എട്ടുപേർ എലിപ്പനി ബാധിച്ചവരും, അഞ്ച് പേർ ഡെങ്കിപ്പനി ബാധിച്ചവരുമാണ്. കൂടാതെ തൃശൂരിലും ഷിഗല്ല സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

ഈ മാസം മാത്രം 59 പേർക്കാണ് ഷിഗല്ല രോഗം ബാധിച്ചത്. രോഗവ്യാപനം രൂക്ഷമായ വയനാട് ജില്ലയിൽ പ്രത്യേക ജാഗ്രത തുടരുകയാണ്. കുട്ടികളെ കൂട്ടംകൂടുന്ന പരിപാടികളിലേക്ക് കൊണ്ടുപോകുന്നത് ഒഴിവാക്കണമെന്നും, പ്രതിരോധ നടപടികളിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും രക്ഷിതാക്കൾക്ക് ആരോഗ്യവകുപ്പ് കർശന നിർദേശം നൽകി.

കുടലിനെ ബാധിക്കുന്ന ഷിഗല്ല രോഗം ബാക്ടീരിയ വഴിയാണ് പകരുന്നത്. രോഗാണു ശരീരത്തിൽ പ്രവേശിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് സാധാരണയായി ലക്ഷണങ്ങൾ കണ്ടുതുടങ്ങുക. കടുത്ത പനി, വയറിളക്കം, വയറുവേദന, ക്ഷീണം, രക്തം കലർന്ന മലം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. എന്നാൽ എല്ലാ രോഗികളിലും രോഗലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല എന്നത് സാഹചര്യം കൂടുതൽ സങ്കീർണമാക്കുന്നു. പ്രതിരോധ പ്രവർത്തനങ്ങൾ സർക്കാർ തലത്തിൽ ഊർജിതമായി നടക്കുന്നുണ്ടെന്നും പരിഭ്രാന്തരാകാതെ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *