ചിരഞ്ജീവി നായകനായി എത്തുന്ന തെലുങ്ക് ചിത്രം ‘ഗോഡ്ഫാദറി’ലെ പ്രമോ ഗാനം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നൃത്ത ചുവടുകളുമായി ചിരഞ്ജീവിയും സല്മാൻ ഖാനും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. പുറത്തുവന്ന് നിമഷങ്ങൾക്ക് ഉള്ളിൽ തന്നെ ഗാനം വൈറലായി കഴിഞ്ഞു. മോഹന്‍ലാല്‍, പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേയ്ക്കാണ് ഗോഡ്ഫാദര്. മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രമായി തെലുങ്കില്‍ ചിരഞ്ജീവിയെത്തുന്ന ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന കഥാപാത്രമായി എത്തുന്നത് സല്മാന് ഖാനാണ്.
‘താര് മാര്‍ തക്കര്‍ മാര്‍’ എന്ന് ആരംഭിക്കുന്ന പാട്ട് ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാലാണ്.തമന് ഒരുക്കിയ സ്വാഗ് മ്യൂസിക്കില്‍ സ്റ്റീഫന്‍ നെടുമ്പള്ളിയും സയ്ദ് മസൂദും സ്റ്റെപ്പ് വെക്കുന്നുണ്ട്. ഇത് ലൂസിഫറിന്റെ റിമേക്ക് തന്നെയാണോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. നേരത്തെ ട്രയ്ലര്‍ ഇറങ്ങിയപ്പോഴും ഒരുപാട് ട്രോളുകള്‍ പുറത്തുവന്നിരുന്നു.
ചിരഞ്ജീവിയുടെ 153ാമത്തെ ചിത്രമാണ് ഗോഡ്ഫാദര്. മലയാളത്തില്‍ മഞ്ജുവാര്യര്‍ അവതരിപ്പിച്ച പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രമായി തെലുങ്കില്‍ എത്തുന്നത് നയന്‍താരയാണ്.ലൂസിഫര്‍ വന്‍ ഹിറ്റായി മാറിയതിന് പിന്നാലെയാണ് ചിരഞ്ജീവി ചിത്രത്തിന്റെ റീമേയ്ക്ക് അവകാശം സ്വന്തമാക്കിയത്. ചിത്രം ഇഷ്ടപ്പെട്ടുവെങ്കിലും പ്രണയവും ആക്ഷനുമെല്ലാം നിറഞ്ഞ മാസ് ചിത്രമായി ഒരുക്കുന്നതിന് വേണ്ട മാറ്റങ്ങള്‍ വരുത്തണമെന്ന് ചിരഞ്ജീവി ആവശ്യപ്പെട്ടിരുന്നു.