200 കോടിയുടെ തട്ടിപ്പുകേസിൽ ബോളിവുഡ് നടി നോറ ഫതേഹിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. വ്യാഴാഴ്ച രാവിലെയാണ് നടി ഡല്‍ഹിയിലെ ഇ.ഡി. ഓഫീസില്‍ ചോദ്യംചെയ്യലിനായി എത്തിയത്. കേസില്‍ നേരത്തെ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖര്‍, ലീന മരിയ പോള്‍ എന്നിവരുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് നോറയെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. നടി ജാക്വിലിൻ ഫെർണാണ്ടസിനെയും ഇതേ കേസിൽ ഇഡി വീണ്ടും ചോദ്യം ചെയ്യും. ഇത് മൂന്നാം തവണയാണ് ഇഡി ജാക്വിലിന് സമൻസയക്കുന്നത്.
ഫാർമസ്യൂട്ടിക്കൽ കമ്പനിയായ റാൻബാക്സിയുടെ പ്രൊമോട്ടർമാരായ ശിവിന്ദർ സിങ്, മൽവീന്ദർ സിങ് എന്നിവരുടെ കുടുംബത്തിൽ നിന്നാണ് സുകേഷ് ചന്ദ്രശേഖർ 200 കോടി തട്ടാന്‍ ശ്രമിച്ചത്. ഇദ്ദേഹത്തിന്റെ 16 കാറുകളും ബീച്ച് ബംഗ്ലാവും അന്വേഷണ സംഘം കണ്ടു കെട്ടിയിരുന്നു. ആന്ധ്ര, കേരളം, തമിഴ്നാട് എന്നിവിടങ്ങളിലെല്ലാം ഇദ്ദേഹത്തിന്റെ പേരിൽ വഞ്ചനാ കേസുകളുണ്ട്.
