സംസ്ഥാന സര്‍ക്കാറും തദ്ദേശ സ്ഥാപനങ്ങളും നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയും ഭാവി വികസനത്തിന് പൊതുജനാഭിപ്രായവും പുതിയ ആശയങ്ങളും സ്വരൂപിച്ചും അരിക്കുളം ഗ്രാമപഞ്ചായത്ത് വികസന സദസ്സ്.അരിക്കുളം ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപംനടന്ന പരിപാടി ടി പി രാമകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ എം സുഗതന് മാസ്റ്റര്‍ അധ്യക്ഷനായി. പന്തലായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് മുഖ്യാതിഥിയായി.
1963 മുതല്‍ പഞ്ചായത്തിലെ മെമ്പര്‍മാരായും ആസൂത്രണ സമിതി അംഗങ്ങളായും പ്രവര്‍ത്തിച്ച് മരണപ്പെട്ടവരുടെ ഫോട്ടോ ഗ്രാമപഞ്ചായത്തിന്റെ എസ്.എസ്.എ ഹാളില്‍ എംഎല്‍എ അനാച്ഛാദനംചെയ്തു. സംസ്ഥാന സര്‍ക്കാറിന്റെയും ഗ്രാമപഞ്ചായത്തിന്റെയും ഭരണനേട്ടങ്ങളുടെ അവതരണം, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ വീഡിയോ സന്ദേശം പ്രദര്‍ശനം, ചര്‍ച്ച എന്നിവ സദസ്സിന്റെ ഭാഗമായി നടന്നു. ഹരിത കര്‍മ സേനാംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. അരിക്കുളം ഗ്രാമപഞ്ചായത്തിന്റെ 2020 മുതല്‍ 2025 വരെയുള്ള വികസന നേട്ടങ്ങളും പ്രോഗസ്സ് റിപ്പോര്‍ട്ടുകളും അടങ്ങിയ സുവവനീര് ചടങ്ങില്‍ പ്രകാശനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പരിധിയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഹാള്‍ നിര്‍മിച്ച് പൊതുജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുക, കായിക മേഖലയുടെ വികസനത്തിന് സ്റ്റേഡിയം നിര്‍മിക്കുക, കാര്‍ഷിക മേഖലയില്‍ കുറ്റ്യാടി ഇറിഗേഷനിലൂടെ വെള്ളത്തിന്റെ ലഭ്യത ഉറപ്പുവരുത്തുക, എംസിഎഫിനായി സ്വന്തം കെട്ടിടം നിര്‍മിക്കുക, വെളിയന്നൂര്‍ ചെല്ലി വികസനം പൂര്‍ണതയില്‍ എത്തുന്നതിന് തുക മാറ്റിവെക്കുക തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു.
സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങള്‍ റിസോഴ്സ് പേഴ്സണ്‍ പ്രനീഷ് കുമാറും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെവികസന നേട്ടങ്ങള്‍ സെക്രട്ടറി സന്ദീപും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് കെ പി രജനി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം പി ശിവാനന്ദന്, സ്ഥിരം സമിതി അധ്യക്ഷരായ കെ അഭിനീഷ്, എം പ്രകാശന്, എന്‍എം ബിനിത, എന്‍ വി നജീഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി രജില, ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ എം അമ്മത്, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ എ കെ എന്‍ അടിയോടി, ഗീത ദേവി, വി രാധ, ടി സുമേഷ്, ആസൂത്രണ സമിതി ചെയര്മാന് വി എം ഉണ്ണി, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ ബീന തൈക്കണ്ടി, ടി താജുദ്ദീന്,ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
