കൊച്ചി: എറണാകുളം മാര്‍ക്കറ്റിലെ കടവുഭാഗം സിനഗോഗ് പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിയെ എന്‍ഐഎ ചോദ്യം ചെയ്തു. അറസ്റ്റിലായ യുവാവിന് തീവ്രവാദ ബന്ധമുണ്ടെന്നാണ് സംശയം. പ്രതിയെ ഭീകര വിരുദ്ധ സ്‌ക്വാഡ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. പിടിയിലായ എബിന്‍ പോള്‍ തീവയ്പ്പ് മൊബൈലില്‍ ചിത്രീകരിച്ചു. ഇയാളുടെ ടെലിഗ്രാം ചാറ്റുകളിലും ദുരൂഹതയുണ്ട്.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് മാര്‍ക്കറ്റിന് സമീപമുള്ള ജൂതപള്ളിക്ക് നേരെ ആക്രമണമുണ്ടായത്. പള്ളിയുമായി ബന്ധമുള്ള ബ്ലോസമെന്ന നഴ്‌സറിക്കാണ് പ്രതി തീവച്ചത്. വിഷയത്തിന്റെ സെന്‍സിറ്റീവ് സ്വഭാവം കണക്കിലെടുത്ത് വ്യാപക അന്വേഷണമാണ് പൊലീസ് നടത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും കാറിന്റെ വിവരങ്ങളില്‍ നിന്നുമാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പുത്തന്‍ കുരിശ് സ്വദേശിയാണ് പ്രതിയായ എബിന്‍ പോള്‍. പ്രതിയുടെ അച്ഛനെ പൊലീസ് ആദ്യം കണ്ടെത്തുകയും പിന്നീട് പിതാവില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതി ഒറ്റയ്ക്ക് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് എത്തുകയുമായിരുന്നു.

പ്രതിയുടെ സംസാരത്തില്‍ ആദ്യം മുതലേ അന്വേഷണസംഘത്തിന് അസ്വാഭാവികത തോന്നിയിരുന്നു. പ്രതിയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ട ടെലിഗ്രാം ചാറ്റുകള്‍ ദുരൂഹത ഇരട്ടിയാക്കി. ഇതിലെ ചില സൂചനകളില്‍ നിന്നാണ് പ്രതിക്ക് തീവ്രവാദബന്ധമുണ്ടെന്ന സംശയം ബലപ്പെട്ടത്. ബോസ് എന്ന് വിളിക്കുന്ന ആളാണ് പ്രതിയെ നിയന്ത്രിക്കുന്നതെന്നാണ് പൊലീസ് മനസിലാക്കിയത്. മൂവാറ്റുപുഴയിലെ യൂസ്ഡ് കാര്‍ ഷോറൂമിലുണ്ടായ തീവെപ്പിന് പിന്നിലും എബിന്‍ തന്നെയാണെന്ന് സമ്മതിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ക്ക് എബിന്‍ ക്രിപ്‌റ്റോ കറന്‍സി വഴി പണം സ്വീകരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. വിഷയത്തില്‍ വിശദ പരിശോധനകള്‍ക്കും ചോദ്യം ചെയ്യലിനും തയ്യാറെടുക്കുകയാണ് എന്‍ഐഎ.

Leave a Reply

Your email address will not be published. Required fields are marked *