മദ്യപിച്ച് അമിത വേഗത്തില് മിനികൂപ്പര് ഇടിച്ച് മൂന്നുപേരുടെ ജീവനെടുത്ത സുഹൈല് സജീവിനെ കാക്കനാട് ബോസ്റ്റല് സ്കൂളിലേക്കാണ് റിമാന്ഡ് ചെയ്തത്. ഇത് വലിയ വിവാദവുമായിട്ടുണ്ട്. എന്തുകൊണ്ട് സുഹൈലിനെ ജയിലിലേക്ക് അയച്ചില്ല എന്ന ചോദ്യമാണ് ഉയരുന്നത്. എന്താണ് ബോസ്റ്റല് സ്കൂള്? എന്ന് പരിശോധിക്കാം.
18 നും 21 നും ഇടയില് പ്രായമുള്ള കുറ്റവാളികളെ സാധാരണ ജയില് അന്തരീക്ഷത്തില് നിന്ന് മാറ്റിപ്പാര്പ്പിക്കുന്നതിനായി സ്ഥാപിക്കപ്പെട്ടതാണ് ബോസ്റ്റല് സ്കൂള്. ഇംഗ്ലണ്ടിലെ കെന്റ് (Kent) പ്രവിശ്യയിലുള്ള ‘ബോസ്റ്റല്’ (Borstal) എന്ന ഗ്രാമത്തിലെ ഒരു പഴയ ജയിലിലാണ് ഈ സംവിധാനം ആദ്യമായി പരീക്ഷണാടിസ്ഥാനത്തില് ആരംഭിക്കുന്നത്.ഇത്തരക്കാര്ക്ക് മികച്ച സ്വഭാവരൂപീകരണത്തിന് സഹായിച്ച്, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണ് ലക്ഷ്യം. കേരളത്തിലെ ആദ്യത്തെ ബോസ്റ്റല് സ്കൂള് കണ്ണൂരിലാണ് സ്ഥാപിക്കപ്പെട്ടത്. 1995 ല് ഈ ബോസ്റ്റല് സ്കൂള് കൊച്ചി കാക്കനാട്ടേക്ക് മാറ്റി സ്ഥാപിച്ചു. നിലവില് കേരളത്തിലുള്ള ഏക ബോസ്റ്റല് സ്കൂളാണ് ഇത്.
1961ലെ കേരള ബോസ്റ്റല് നിയമ പ്രകാരം 18നും 21നും ഇടയില് പ്രായമുള്ള കുറ്റവാളികളെ ബോസ്റ്റല് സ്കൂളിലേക്കാണ് റിമാന്ഡ് ചെയ്യേണ്ടത്. അങ്ങനെ ചെയ്തില്ലെങ്കില് അവര്ക്ക് അത് ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാം. എന്നാല് എല്ലായിടത്തും ബോസ്റ്റല് സ്കൂളുകള് ഇല്ല എന്നതുകൊണ്ട് തന്നെ ഇത് പൂര്ണമായും പാലിക്കപ്പെടാറില്ല. റിമാന്ഡ് അഥവാ ജുഡീഷ്യല് കസ്റ്റഡി അതത് മജിസ്ട്രേറ്റ് കോടതികളുടെ അധികാരപരിധിയില് തന്നെ വേണമെന്നാണ് നിയമം. ഈ സാഹചര്യത്തില് ബോസ്റ്റല് സ്കൂള് ഇല്ലാത്തയിടങ്ങളില് 18നും 21നും ഇടയില് പ്രായമുള്ള കുറ്റവാളികളെ സബ് ജയിലിലേക്ക് അയക്കും. സബ് ജയിലില് ഇത്തരം കുട്ടി കുറ്റവാളികള്ക്ക് ചില മാനദണ്ഡങ്ങള് ഉണ്ട്. സബ് ജയിലില് മുതിര്ന്ന റിമാന്ഡ് തടവുകാരുമായി ഇടപഴകാത്ത രീതിയില് ഇവരെ പാര്പ്പിക്കണം എന്നാണ് നിയമം. കൂടുതല് ബോസ്റ്റല് സ്കൂളുകള് തുടങ്ങാന് ആലോചനകള് നടക്കുന്നുണ്ട്.
