കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസിലെ മുഖ്യപ്രതി സുഹൈലിനെയും മറ്റ് പ്രതികളെയും അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി പരിസരത്ത് വൻ പൊലീസ് സന്നാഹമാണ് സുരക്ഷയ്ക്കായി ഒരുക്കിയിരിക്കുന്നത്. നേരത്തെ പ്രതികളെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ അപകടത്തിൽ മരിച്ചവരുടെ സുഹൃത്തുക്കൾ കൈയേറ്റം ചെയ്യാൻ ശ്രമിച്ചിരുന്നു.
കേസിൽ കൂടുതൽ തെളിവെടുപ്പ് നടത്തുന്നതിനായി പ്രതികളെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന് പോലീസ് കോടതിയിൽ ആവശ്യപ്പെട്ടു. അപകടസമയത്ത് കാർ മണിക്കൂറിൽ 120 കിലോമീറ്ററിലധികം വേഗതയിലായിരുന്നുവെന്ന് മുഖ്യപ്രതി സുഹൈൽ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഒക്ടോബർ 10 ശനിയാഴ്ച ഉച്ചമുതൽ പ്രതികൾ വിവിധ ബാറുകളിൽ ഇരുന്ന് മദ്യം കഴിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഈ ബാറുകളിലെത്തി തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നും, കോടതിയുടെ കൈവശമുള്ള കാറിന്റെ താക്കോൽ ഉൾപ്പെടെയുള്ളവ വീണ്ടെടുക്കേണ്ടതുണ്ടെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, മുഖ്യപ്രതി സുഹൈൽ സമർപ്പിച്ച ജാമ്യഹർജിയിൽ കോടതി നാളെ വിധി പറയും. കാറോടിച്ചിരുന്ന സുഹൈലിനെതിരെ നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.
