തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ലഭിച്ച വലിയ വിജയത്തിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കോൺഗ്രസ് പ്രവർത്തകരെ അഭിനന്ദിച്ചു. സി.പി.ഐ.എമ്മിൻ്റെ ഭരണത്തിൻ കീഴിൽ എല്ലാ പീഡനങ്ങളും പ്രയാസങ്ങളും അനുഭവിച്ചു കൊണ്ടിരിക്കുന്നവരാണ് യു.ഡി.എഫ്. എന്നും, നൂറുകണക്കിന് കള്ളക്കേസുകളെയും അക്രമങ്ങളെയും അതിജീവിച്ചാണ് കോൺഗ്രസ് പ്രവർത്തകർ ഈ വിജയം നേടിയതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് വലിയ വിജയം സമ്മാനിച്ച എല്ലാ കോൺഗ്രസ് പ്രവർത്തകരെയും അദ്ദേഹം അഭിനന്ദിക്കുന്നതായി അറിയിച്ചു.

പത്ത് വർഷത്തെ ഭരണത്തിന് പുറത്തുനിന്ന ശേഷം കോൺഗ്രസ് നേടിയ ഈ വിജയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാറിന് വലിയ പങ്കുണ്ടെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പരിഹസിച്ചു. ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ കേരളത്തിൽ വേറെയില്ല. 14 ഡി.സി.സി.കളും കോർ കമ്മിറ്റികളും കഷ്ടപ്പെട്ട് പ്രവർത്തിച്ചതിനൊപ്പം, സർക്കാരിനോടുള്ള ജനങ്ങളുടെ വികാരവും വിജയത്തിന് കാരണമായി. തിരുവനന്തപുരം കോർപ്പറേഷൻ ബി.ജെ.പിക്ക് ലഭിക്കാനുള്ള സാഹചര്യം ഉണ്ടാക്കാൻ പാടില്ലായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തൃശ്ശൂരിന് ശേഷം തിരുവനന്തപുരം കോർപ്പറേഷനും ബി.ജെ.പിക്ക് കൊടുക്കുന്നതിൽ ഒരേയൊരു കാരണക്കാരൻ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ സർക്കാരുമാണ്. ബി.ജെ.പി. നേതാക്കളോട് സ്വീകരിച്ച മൃദുസമീപനമാണ് തിരുവനന്തപുരത്തെ ശക്തികേന്ദ്രങ്ങൾ പോലും എൽ.ഡി.എഫിന് നഷ്ടപ്പെടാൻ കാരണമെന്ന് അദ്ദേഹം വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *