തിരുവനന്തപുരം: മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ ഓഫീസ് കേന്ദ്രീകരിച്ചും ഓഫര്‍ തട്ടിപ്പ് നടന്നെന്ന് പരാതി. മന്ത്രിയുടെ ഓഫീസിലെത്തി 60,000 രൂപ നല്‍കിയെന്ന ആരോപണവുമായി പാലക്കാട് ചിറ്റൂര്‍ മണ്ഡലത്തിലെ സ്ത്രീകളാണ് രംഗത്തെത്തിയത്.
ജനതാദള്‍ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിലാണ് പണം വാങ്ങിയത്. മന്ത്രി കൃഷ്ണന്‍കുട്ടിയിലുള്ള വിശ്വാസത്തിലാണ് പണം നല്‍കിയതെന്നും പരാതിക്കാര്‍ പറഞ്ഞു. എന്നാല്‍, ആരോപണം തെളിയിച്ചാല്‍ ഓഫീസില്‍ നിന്ന് ഇറങ്ങാമെന്ന് മന്ത്രി കെ കൃഷ്ണന്‍ കുട്ടി പ്രതികരിച്ചു.
കഴിഞ്ഞവര്‍ഷം ഫെബ്രുവരി 15നാണ് ഓഫര്‍ തട്ടിപ്പിനായി അഞ്ചംഗ ട്രസ്റ്റ് രൂപീകരിച്ചത്. സായി ഗ്രാമം ട്രസ്റ്റ് ചെയര്‍മാനായ കെ എന്‍ ആനന്ദകുമാര്‍ ആജീവനാന്ത ചെയര്‍മാനായ ട്രസ്റ്റില്‍ 5 അംഗങ്ങള്‍ ആണുള്ളത്. പ്രതി അനന്തു കൃഷ്ണന്‍, ബീന സെബാസ്റ്റ്യന്‍, ഷീബ സുരേഷ്, ജയകുമാരന്‍ നായര്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. തട്ടിപ്പില്‍ പങ്കില്ലെന്നും പണമിടപാട് അടക്കം എല്ലാ കാര്യങ്ങളും ആസൂത്രണം ചെയ്തത് അനന്തു കൃഷ്ണനാണെന്നുമായിരുന്നു കെ എന്‍ ആനന്ദകുമാറിന്റെ വാദം. എന്നാല്‍ ഈ വാദം പൊളിക്കുന്നത് കൂടിയാണ് രേഖകള്‍. ആനന്ദകുമാറിന്റെ അക്കൗണ്ടിലേക്ക് രണ്ട് കോടി രൂപ കൈമാറിയെന്ന് അനന്തു കൃഷ്ണന്‍ മൊഴി നല്‍കിയിരുന്നു.