വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷയെ അതിക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില പ്രതി ബെയ്‌ലിന്‍ ദാസ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. തിരുവനന്തപുരം വഞ്ചിയൂര്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. സംഭവത്തിന് പിന്നാലെ പ്രതി ഒളിവില്‍ പോയിരുന്നു. സംഭവം വളരെ ഗൗരവതരമെന്നും കുറ്റവാളിയെ ഉടന്‍ പിടികൂടുമെന്നും നിയമ മന്ത്രി പി രാജീവ് ഇന്നലെ പറഞ്ഞിരുന്നു.
മര്‍ദ്ദനത്തിനിരയായ അഭിഭാഷകയെ വഞ്ചിയൂരില്‍ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി പി രാജീവ്. പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചവരും നിയമപരിധിയില്‍ വരുമെന്നും മന്ത്രി വ്യക്തമാക്കി. സീനിയര്‍ അഭിഭാഷകര്‍ ജൂനിയര്‍ അഭിഭാഷകരോട് ഇങ്ങനെ പെരുമാറുന്നത് വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
ജൂനിയര്‍ അഭിഭാഷയെ മര്‍ദ്ദിച്ച സംഭവത്തില്‍ സീനിയര്‍ അഭിഭാഷകന്‍ ബെയ്ലിന്‍ ദാസിനെ ബാര്‍ കൗണ്‍സില്‍ സസ്‌പെന്റ് ചെയ്തിരുന്നു. വിശദമായ അന്വേഷണം നടത്താന്‍ ആണ് ബാര്‍ കൗണ്‍സില്‍ തീരുമാനം. പ്രതിയായ അഭിഭാഷകനോട് വിശദീകരണം ചോദിക്കും. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ബാര്‍ കൗണ്‍സില്‍ പറഞ്ഞു. ഇദ്ദേഹത്തെ ബാര്‍ അസോസിയേഷനും സസ്‌പെന്‍ഡ് ചെയ്തിരുന്നു.