കോട്ടയം: സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അനിശ്ചിതകാല ബസ് സമരത്തിലേക്ക്. ദീര്‍ഘദൂര-ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ പെര്‍മിറ്റുകള്‍ യഥാസമയം പുതുക്കി നല്‍കണമെന്നും വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം നടത്തുന്നതെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. നിസാര കാരണങ്ങള്‍ പറഞ്ഞ് ഭീമമായ തുക പിഴ ചുമത്തുന്ന ഗതാഗത വകുപ്പിന്റെയും പൊലീസിന്റെയും നടപടി അവസാനിപ്പിക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെടുന്നു. കെ.സ്.ആര്‍.ടി സി തൊഴിലാളി യൂണിയന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഗതാഗത വകുപ്പില്‍ നിന്ന് ബസുകളുടെ പെര്‍മിറ്റുകള്‍ പുതുക്കി ലഭിക്കുന്നില്ല.

14 വര്‍ഷം മുമ്പ് നിശ്ചയിച്ച ടിക്കറ്റ് നിരക്കാണ് വിദ്യാര്‍ഥികളില്‍ നിന്ന് ഇപ്പോഴും ഈടാക്കുന്നത്. ആയതിനാല്‍ വിദ്യാര്‍ത്ഥികളുടെ മിനിമം ടിക്കറ്റ് നിരക്ക് അഞ്ചു രൂപയാക്കുകയും വേണം

സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പൊതു ഗതാഗതത്തെ തകര്‍ക്കുന്ന നടപടികളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നതിനാലാണ് സര്‍വീസ് നിര്‍ത്തി വെച്ചു കൊണ്ടുള്ള സമരത്തിന് ഫെഡറേഷന്‍ നിര്‍ബന്ധിതമായത്.

മൂന്നോ നാലോ ദിവസങ്ങള്‍ക്കുള്ളില്‍ മറ്റു ബസുടമ സംഘടനകളുമായും തൊഴിലാളി സംഘടനകളുമായും കൂടിയാലോചന നടത്തി സമരത്തിന്റെ രീതിയും തീതിയും പ്രഖ്യാപിക്കുന്നതാണെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്ത സമ്മേളനത്തില്‍ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.കെ.തോമസ്. ജനറല്‍ സെക്രട്ടറി ഹംസ ഏരിക്കുന്നന്‍, ജോയന്റ് സെക്രട്ടറി പാലമുറ്റത്ത് വിജയ് കുമാര്‍, കോട്ടയം ജില്ലാ പ്രസിഡണ്ട് ജാക്സന്‍, സെക്രട്ടറി സുരേഷ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *