കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സിനെതിരായ ഇ ഡി അന്വേഷണത്തില്‍ നടനും സഹനിര്‍മാതാവുമായ സൗബിന്‍ ഷാഹിറിനെ ചോദ്യം ചെയ്തു. ഇ.ഡി യുടെ കൊച്ചി ഓഫീസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. സൗബിന്റെയും ഷോണിന്റെയും പേരിലുള്ള പറവ ഫിലിംസ് എന്ന പ്രൊഡക്ഷന്‍ കമ്പനി കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് നടപടി. നിര്‍മ്മാതാവ് ഷോണ്‍ ആന്റണിയെ നേരത്തെ ചോദ്യം ചെയ്തിരുന്നു.

മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നുവെന്ന ആരോപണമുയര്‍ന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നിര്‍മാതാക്കളെ ഇ.ഡി ചോദ്യം ചെയ്യുന്നത്. നേരത്തേ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ നിര്‍മാണ പങ്കാളി എറണാകുളം അരൂര്‍ സ്വദേശി സിറാജ് വലിയതുറ സൗബിനെതിരെ രംഗത്തുവന്നിരുന്നു. സിനിമക്ക് വേണ്ടി ഏഴുകോടി രൂപ നിക്ഷേപിച്ചിട്ടും ലാഭവിഹിതം നല്‍കിയില്ലെന്നായിരുന്നു പരാതി. പരാതിയില്‍ മരട് പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ വലിയ ബോക്‌സ് ഓഫിസ് വിജയം നേടിയ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. സൗബിന്റെയും ഷോണിന്റെയും പേരിലുള്ള പറവ ഫിലിംസ് എന്ന പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറിലാണ് ചിത്രം പുറത്തിറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *