ഓ.ടി.ടി റിലീസിന് പിന്നാലെ ഫഹദ് ഫാസില്‍ ചിത്രം ‘മാലിക്കി’ന്റെ വ്യാജ പതിപ്പ് ടെലഗ്രാമിലെത്തി. വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഉള്‍പ്പെടെ ചിത്രത്തിന്റെ ലിങ്ക് പ്രചരിക്കുന്നുണ്ട്. തീയേറ്റര്‍ റിലീസ് പലതവണ മാറ്റിവെച്ചശേഷം, കോവിഡ് സാഹചര്യം കണക്കിലെടുത്താണ് ചിത്രംആമസോൺ പ്രൈമിൽ റീലീസ് ചെയ്തത്.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രം ഇന്നലെ പത്തു മണിക്കുശേഷമാണ് പ്രൈമില്‍ റിലീസ് ചെയ്തത്. രണ്ട് മണിക്കൂര്‍ 41 മിനിറ്റ് (161 മിനിറ്റ്) ആണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. കേന്ദ്ര കഥാപാത്രമായ മാലിക്കിന്റെ വിവിധ കാലഘട്ടങ്ങളാണ് ഫഹദ് അവതരിപ്പിക്കുന്നത്. ‘ദൃശ്യം 2’നും ‘ജോജി’ക്കും ശേഷം മലയാളം കാത്തിരുന്ന ചിത്രങ്ങളിലൊന്നുകൂടിയായിരുന്നു മാലിക്. ഫഹദിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രമായ മാലിക് തിയേറ്റര്‍ റിലീസ് ലക്ഷ്യമാക്കി ചെയ്ത സിനിമ കൂടിയാണ്. റിലീസ് പ്രഖ്യാപിച്ച് ഒരു വര്‍ഷം പിന്നിടുമ്പോഴാണ് ചിത്രം ഒടിടിയില്‍ റിലീസ് ചെയ്തത്. സാമ്പത്തിക പ്രതിസന്ധി കൂടി പരിഗണിച്ചാണ് ചിത്രം ഒടിടിക്ക് നല്‍കിയത്.

മഹേഷ്‌ നാരായണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദിനോടൊപ്പം നിമിഷ സജയന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്‌ തുടങ്ങിയ താരങ്ങളും പ്രധാന വേഷത്തില്‍ എത്തുന്നു.

27 കോടിയോളം മുതല്‍മുടക്കില്‍ ആന്‍റോ ജോസഫ് ഫിലിം കമ്പനിയാണ് മാലിക് നിര്‍മ്മിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *