കേന്ദ്രമന്ത്രിമാരുടെ കേരളസന്ദര്‍ശനത്തെ വിമര്‍ശിച്ചും കെകെ രമക്കെതിരായ അധിക്ഷേപ പ്രസംഗത്തില്‍ എംഎം മണിയെ തള്ളാതെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേന്ദ്രമന്ത്രിമാര്‍ സംസ്ഥാനത്ത് നടത്തുന്ന ഇടപെടലിനെക്കുറിച്ചും കോടിയേരി അഭിപ്രായപ്പെട്ടു. ‘കേന്ദ്ര മന്ത്രിമാര്‍ വികസന പദ്ധതികള്‍ക്കായി സന്ദര്‍ശനം നടത്തുന്നത് നല്ലത് തന്നെയാണ്. എന്നാല്‍ അതിന്റെ പിന്നില്‍ ദുരുദേശങ്ങളുണ്ട്. കേന്ദ്ര സര്‍ക്കാര്‍ കേരളത്തില്‍ പ്രഖ്യാപിച്ച പദ്ധതികളൊന്നും നടപ്പാക്കുന്നില്ല. നേമം ടെര്‍മിനല്‍, പാലക്കാട് കോച്ച് ഫാക്ടറി, റെയില്‍വേ മെഡിക്കല്‍ കോളേജ് എന്നിവ നടപ്പാക്കാന്‍ കേന്ദ്രം തയ്യാറാകുന്നില്ല.

എന്നാല്‍ സംസ്ഥാന സര്‍ക്കാരുംകൂടി ചേര്‍ന്ന് നടത്തുന്നതാണ് ദേശീയപാത വികസനം. 45 മീറ്റര്‍ വീതിയില്‍തന്നെ ദേശീയപാത വേണമെന്ന തീരുമാനത്തില്‍ എത്തിയത് എല്‍ഡിഎഫിന്റെ ഇടപെടലിലാണ്. കേന്ദ്രസര്‍ക്കാര്‍ തടസങ്ങള്‍ ഉന്നയിച്ചു. ഭൂമി ഏറ്റെടുക്കലിനുള്ള തുകയിലെ 25 ശതമാനം വഹിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. എന്നാലിത് തങ്ങളുടെ പദ്ധതിയാണെന്നാണ് ബിജെപി പറയുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് കലഹമുണ്ടാക്കാനാണ് അവര്‍ ശ്രമിക്കുന്നത്’-കോടിയേരി പറഞ്ഞു.

കെ.കെ.രമയ്‌ക്കെതിരെയുള്ള എം.എം.മണിയുടെ പരാമര്‍ശം സംബന്ധിച്ച ചോദ്യത്തിന്, മണിയുടെ വാക്കുകളില്‍ ആണ്‍ പാര്‍ലമെന്ററിയായി ഒന്നുമില്ലെന്ന് സ്പീക്കര്‍ പറഞ്ഞിട്ടുണ്ടെന്നു കോടിയേരി മറുപടി നല്‍കി. നിലവിലുള്ള ചട്ടപ്രകാരം മണിയുടെ പരാമര്‍ശം അണ്‍ പാര്‍ലമെന്ററിയല്ല. നിയമസഭയില്‍ നടന്ന കാര്യമായതിനാല്‍ സ്പീക്കറാണ് തീരുമാനമെടുക്കേണ്ടത്. നിയമസഭയിലെ പ്രശ്‌നം നിയമസഭയില്‍ അവസാനിപ്പിക്കണം. മണിയുടെ പ്രസംഗ ശൈലിയില്‍ വന്ന കാര്യമായിരിക്കുമെന്നും പാര്‍ട്ടി ആ വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *