കോഴിക്കോട്: മലയാളത്തിന്റെ അക്ഷരസുകൃതമായ എംടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് 91-ാം പിറന്നാള്‍. 1933 ജൂലൈ 15 നാണ് കൂടല്ലൂരില്‍ ടി നാരായണന്‍ നായരുടേയും അമ്മാളു അമ്മയുടേയും മകനായി എം ടി ജനിച്ചത്. നക്ഷത്രപ്രകാരം കര്‍ക്കടകത്തിലെ ഉത്രട്ടാതിയാണ് എം ടിയുടെ പിറന്നാള്‍.
പിറന്നാളുകളൊന്നും എംടി ആഘോഷിക്കാറില്ല. അടുത്ത ബന്ധുക്കള്‍ക്കൊപ്പം ചെറിയൊരു ഊണ് അത്രമാത്രം. പക്ഷെ, കഴിഞ്ഞ വര്‍ഷം എംടിയുടെ നവതി മലയാളക്കര ആഘോഷമായാണ് കൊണ്ടാടിയത്.
ഈ ജന്മദിനത്തിന് എംടി കൊച്ചിയിലാണ്. എംടിയുടെ ഒന്‍പതു കഥകള്‍ ചേരുന്ന ആന്തോളജി സിനിമയുടെ ട്രെയിലര്‍ ലോഞ്ച് ഇന്ന് നടക്കും. സൂപ്പര്‍താരങ്ങള്‍ അഭിനയിച്ച ഒന്‍പത് സിനിമകള്‍ വൈകാതെ പ്രേക്ഷകരിലേക്ക് എത്തുന്നു. ‘മനോരഥങ്ങള്‍’ എന്ന് എംടി തന്നെ പേരിട്ട ചിത്രസഞ്ചയം ഇനി ഒടിടിയില്‍ കാണാനാവും.