. കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ ദുരൂഹ മരണത്തിനു കാരണക്കാരിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കൊലകുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കണ്ണൂർ കോർപറേഷൻ പരിധിയിൽ നാളെ ബി ജെ പി ഹർത്താൽ. നാളെ രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയാണ് ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അവശ്യ സർവീസുകളെയും വാഹനങ്ങളെയും ഹോട്ടലുകളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

എഡിഎമ്മിൻ്റെ മരണത്തിന് പിന്നിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു.
ക്ഷണിക്കാതെ യാത്രയയപ്പ് ചടങ്ങിനെത്തി തങ്ങളുടെ വരുതിയിൽ നിൽക്കാത്ത ഒരു ഉദ്യോഗസ്ഥനെ മനപൂർവം പരസ്യമായി ആക്ഷേപിക്കുയായിരുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു. ജില്ലാപഞ്ചായത്ത് സ്ഥാനം രാജിവെച്ച് പി.പി. ദിവ്യ നിയമനടപടി നേരിടണമെന്നും ആത്മഹത്യാപ്രേരണക്കും നരഹത്യക്കും കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം എഡിഎം കെ നവീൻബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ ന്യായീകരിച്ച് സിപിഐഎം കണ്ണൂർ ജില്ലാ നേതൃത്വം. പി പി ദിവ്യ പറഞ്ഞ കാര്യങ്ങൾ അഴിമതിക്കെതിരായ സദുദേശപരമായ വിമർശനം മാത്രമെന്ന് സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. എന്നാൽ യാത്രയയപ്പ് യോഗത്തിൽ നടത്തിയ പരമാർശം ഒഴിവാക്കേണ്ടതായിരുന്നു എന്നുമാണ് സിപിഐഎം നേതൃത്വത്തിന്റെ വിശദീകരണം. ഉയർന്നു വന്ന പരാതികളെക്കുറിച്ചെല്ലാം സർക്കാർ സമഗ്രമായ അന്വേഷണം നടത്തണമെന്ന് സിപിഐഎം കണ്ണൂർ ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. എഡിഎം കെ നവീൻബാബുവിന്റെ മരണം ദൗർഭാഗ്യകരമെന്നും ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.

നാട്ടിലേക്ക് ട്രാൻസ്ഫറായി മടങ്ങാനിരിക്കെയാണ് നവീനെ കണ്ണൂരെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുന്നത്. നവീൻ ബാബുവിന് പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫർ കിട്ടിയപ്പോൾ സഹപ്രവർത്തകർ സംഘടിപ്പിച്ച യാത്രയയപ്പിലാണ് പി പി ദിവ്യ നവീനെ വേദിയിലിരുത്തി അഴിമതി ആരോപണം ഉന്നയിച്ചത്. ഒരു പെട്രോൾ പമ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നവീൻ ബാബു അഴിമതി നടത്തിയെന്ന് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു ഇന്നലെ പി പി ദിവ്യയുടെ വിമർശനം.

Leave a Reply

Your email address will not be published. Required fields are marked *