കൊച്ചി: കുറവ സംഘമെന്ന് സംശയിക്കുന്ന മോഷ്ടാക്കള്‍ എറണാകുളം ജില്ലയിലും എത്തിയതായി സംശയം. ചേന്ദമംഗംലംവടക്കന്‍ പറവൂര്‍ മേഖലകളിലെ പത്തോളം വീടുകളില്‍ ഇന്നു പുലര്‍ച്ചെ മോഷണ സംഘമെത്തിയ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വടക്കന്‍ പറവൂര്‍ തൂയിത്തറ പാലത്തിനു സമീപത്തുള്ള വീട്ടില്‍ പുലര്‍ച്ചെ 2.20ന് ശബ്ദം കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. വീട്ടുകാര്‍ ലൈറ്റിട്ടതോടെ മോഷണ സംഘം ഓടിമറയുകയായിരുന്നു. പിന്നിലെ വാതില്‍ തുറക്കാനുള്ള ശ്രമം നടത്തിയിരുന്നെന്ന് വീട്ടുകാര്‍ പറഞ്ഞു. താഴത്തെ കുറ്റി ഇളക്കിയെങ്കിലും മുകളിലെ കുറ്റി ഇളക്കാന്‍ സാധിച്ചില്ല. ഉടന്‍ സമീപത്തു താമസിക്കുന്ന സഹോദരനേയും അയല്‍വാസികളേയും വിളിച്ചു കൂടുതല്‍ ആളുകള്‍ എത്തിയ ശേഷമാണ് ഇവര്‍ പുറത്തിറങ്ങിയത്. തുടര്‍ന്ന് വടക്കേക്കര പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് സ്ഥലത്ത് എത്തി.
മുഖം മൂടി ധരിച്ച് കയ്യില്‍ ആയുധവുമായിട്ടാണ് ഇവരുടെ വരവ്. ഇന്നലെ മോഷണം നടത്താന്‍ ശ്രമിച്ച ഒരു വീട്ടില്‍ കമ്പിപ്പാര ഉപേക്ഷിച്ചിട്ടുണ്ട്. ഇവിടെ നിന്ന് വസ്ത്രമെടുത്ത് മുഖം മറച്ചിട്ടാണ് പോയിട്ടുള്ളത് എന്ന് വീട്ടുകാര്‍ പറയുന്നു.