കുന്ദമംഗലം: തദ്ദേശ തെരഞ്ഞടുപ്പിലേക്ക് കുന്ദമംഗലം പഞ്ചായത്ത് മുസ്‌ലിം ലീഗ് ഒന്നാംഘട്ട സ്ഥാനാർഥി പ്രഖ്യാപനം നടത്തി. യുഡിഎഫ് ധാരണ പ്രകാരം കോൺഗ്രസിന് 13 സീറ്റും മുസ്ലിം ലീഗിന് 11 സീറ്റുമാണ് നൽകിയിട്ടുള്ളത്.കോൺഗ്രസ് നേരത്തെ തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു.
മുസ്ലിം ലീഗ് 11 സീറ്റുകളിൽ 9 വാർഡുകളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പ് വാതായനത്തിൽ ചൂടും ആവേശവും ഉയർന്നു.
വാർഡ് 3: ഷംസീറ സമീർ, വാർഡ് 5: കെ. കെ. സി. നൗഷാദ്, വാർഡ് 6: എ. പി. അഷ്റഫ്, വാർഡ് 8: കെ. കെ. മിന്നത്ത്, വാർഡ് 14: ഐ. മുഹമ്മദ് കോയ, വാർഡ് 16: ശ്രീബ ഷാജി, വാർഡ് 19: ഷഹർബാൻ ഗഫൂർ, വാർഡ് 21: ഷംസാദ നജീബ്, വാർഡ് 24: എം. ബാബുമോൻ എന്നിവരെയാണ് ഇന്നലെ പ്രഖ്യാപിച്ചത്.
ലീഗിൻ്റെ കൈയിലുള്ള വാർഡ് 7, 17 എന്നിവിടങ്ങളിൽ സ്ഥാനാർഥികളെ അടുത്ത ദിവസം പ്രഖ്യാപിക്കുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു.സജീവ സംഘാടനവും യുവജനപങ്കാളിത്തവും ചേർന്നതോടെ ലീഗിന്റെ സ്ഥാനാർഥിപ്പട്ടിക കുന്ദമംഗലത്ത് വലിയ ചർച്ചകൾക്കു വഴിതെളിക്കുന്നുണ്ട്. കോൺഗ്രസിന്റെ പ്രഖ്യാപനത്തിനുശേഷം ലീഗിന്റെ പ്രഖ്യാപനവും ചേർന്ന് തിരഞ്ഞെടുപ്പ് പോരാട്ടം കൂടുതൽ ആവേശകരമായി ഉയരുകയാണ്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട പഞ്ചായത്ത് ഭരണം തിരിച്ചു പിടിക്കാനാണ് ഇത്തവണ യു.ഡി.എഫ് ശ്രമം, അതിന് അനുയോജ്യമായ സ്ഥാനാർഥികളെ കണ്ടെത്തിയാണ് ഇത്തവണത്തെ പ്രഖ്യാപനം.
