വൈറ്റ് ഗോൾഡ് സൂപ്പർ ലീഗ് കേരളയിൽ മലപ്പുറത്തിന് 2–1ന്റെ വിജയം

തൃശൂർ: പത്തുപേരുമായി പൊരുതിയ തൃശൂർ മാജിക് എഫ്.സിയെ 2–1ന് പരാജയപ്പെടുത്തി മലപ്പുറം എഫ്.സി വൈറ്റ് ഗോൾഡ് സൂപ്പർ ലീഗ് കേരള പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എൽഫോഴ്സിയും ഗ്രെയ്‌സ് ഒബിയാങുമാണ് മലപ്പുറത്തിനായി ഗോൾ നേടിയത്. ശിലാജിത് സന്ത്ര തൃശൂരിന്റെ ആശ്വാസഗോൾ നേടി.

മത്സരത്തിന്റെ 40-ാം മിനിറ്റിൽ ഹാദ്സിച്ചിനെ ഫൗൾ ചെയ്ത തൃശൂർ താരം ഹരികൃഷ്ണൻ ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ തൃശൂർ പത്തുപേരായി ചുരുങ്ങി. തുടർന്നുള്ള ഫ്രീകിക്ക് എൽഫോഴ്സി വലയിലെത്തിച്ച് മലപ്പുറത്തിന് ലീഡ് സമ്മാനിച്ചു. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ ശിലാജിത് സന്ത്രയുടെ ഫ്രീകിക്കിലൂടെ തൃശൂർ സമനില പിടിച്ചു.

രണ്ടാം പകുതിയിൽ തുടർച്ചയായ ആക്രമണങ്ങൾ നടത്തിയ മലപ്പുറം 86-ാം മിനിറ്റിൽ വിജയഗോൾ നേടി. എൽഫോഴ്സിയുടെ പാസ് സ്വീകരിച്ച ഗ്രെയ്‌സ് ഒബിയാങ് പന്ത് വലയിലെത്തിക്കുകയായിരുന്നു.

മത്സരം കാണാൻ 6,964 പേർ സ്റ്റേഡിയത്തിലെത്തി. എട്ട് മത്സരങ്ങളിൽ നിന്ന് 14 പോയന്റുമായി മലപ്പുറം രണ്ടാം സ്ഥാനത്തും ഏഴ് പോയന്റുമായി തൃശൂർ അഞ്ചാം സ്ഥാനത്തുമാണ്.

എട്ടാം റൗണ്ടിലെ അവസാന മത്സരത്തിൽ ഞായറാഴ്ച (നവംബർ 15) കാലിക്കറ്റ് എഫ്.സി കണ്ണൂർ വാരിയേഴ്‌സിനെ നേരിടും. കോഴിക്കോട് ഇ.എം.എസ് കോർപറേഷൻ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് കിക്കോഫ്.

Leave a Reply

Your email address will not be published. Required fields are marked *