തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്റേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അന്തിമ റിപ്പോര്‍ട്ടില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്ന് പോലീസ് പറഞ്ഞു. ആന്തരിക അവയവങ്ങള്‍ വിശദ പരിശോധനയ്ക്ക് അയച്ചു.
മരണകാരണമായേക്കാവുന്ന മുറിവുകളോ പരിക്കുകളോ മൃതദേഹത്തില്‍ പ്രത്യക്ഷത്തില്‍ കാണാനില്ലെന്ന് പൊലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലും പറയുന്നു. അന്തിമ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം സംബന്ധിച്ചും മറ്റുവിവരങ്ങളിലും വ്യക്തത വരികയുള്ളൂ.
ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം വരാന്‍ ഒരാഴ്ചയോളം സമയമെടുക്കും. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയതോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്നാണ് സൂചന. . ഗോപന്‍സ്വാമിയുടെ മകന്‍ സനന്ദനും വിഎച്ച്പി. നേതാക്കള്‍ അടക്കമുള്ളവരും മെഡിക്കല്‍ കോളേജ് ആശുപത്രിയിലുണ്ട്. ഗോപന്‍ സ്വാമിയുടെ സമാധി മനഃപൂര്‍വം ചില വിഭാഗങ്ങള്‍ ചേര്‍ന്ന് ഇല്ലാതാക്കുകയാണ് ചെയ്തതെന്ന് വിഎച്ച്പി നേതാക്കള്‍ പ്രതികരിച്ചു.
മൃതദേഹം നിലവില്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം, മൃതദേഹം നേരത്തെ സമാധി ഇരുത്തിയെന്ന് പറയുന്ന കല്ലറയില്‍തന്നെ വീണ്ടും സംസ്‌കരിക്കുമോ എന്നതില്‍ വ്യക്തതയില്ല.