തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ‘സമാധി’യായെന്ന് അവകാശപ്പെട്ട് മക്കള്‍ കല്ലറയില്‍ മൂടിയ ഗോപന്‍ സ്വാമിയുടെ മൃതദേഹത്തില്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം പരിശോധന പൂര്‍ത്തിയായി. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മൃതദേഹവുമായി ബന്ധുക്കള്‍ നെയ്യാറ്റിന്‍കര ആറലുംമൂട്ടിലെ വീട്ടിലേക്ക് പോകുമെന്നാണ് വിവരം. ഇന്ന് രാവിലെയാണ് കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.
ഇന്ന് പുലര്‍ച്ചെ തന്നെ കല്ലറ പൊളിച്ച് പരിശോധന നടത്താന്‍ ജില്ല ഭരണകൂടം തീരുമാനിച്ചിരുന്നു. പൊലീസ്, ഫോറന്‍സിക് സര്‍ജന്‍മാര്‍, ആംബുലന്‍സ്, പരാതിക്കാരന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് കല്ലറ തുറന്നത്. ഗോപന്റെ ഭാര്യയും മക്കളും സമീപത്തെ വീട്ടില്‍ ഉണ്ടെങ്കിലും പുറത്തിറങ്ങിയിരുന്നില്ല. ഇന്ന?ലെ രാത്രി സമാധി സ്ഥലത്ത് മകന്‍ രാജസേനന്‍ പൂജ നടത്തിയിരുന്നു.
ഇന്ന് രാവിലെ സ്ലാബ് പൊളിച്ചുമാറ്റിയപ്പോള്‍ കല്ലറയ്ക്കുള്ളില്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നെഞ്ചുവരെ ഭസ്മവും പൂജാദ്രവ്യങ്ങളും കൊണ്ട് നിറച്ചനിലയിലായിരുന്നു. തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പൂര്‍ണമായും അഴുകിയിട്ടില്ലാത്തതിനാലാണ് മെഡിക്കല്‍ കോളജില്‍വെച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്താമെന്ന് തീരുമാനിച്ചത്.