ന്യൂഡല്‍ഹി: ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ കുംഭമേളയ്ക്ക് പോകാന്‍ എത്തിയവര്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് റെയില്‍വേ. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം നല്‍കും. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ടര ലക്ഷം രൂപ വീതവും, ചെറിയ പരിക്കുള്ളവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും നല്‍കുമെന്ന് റെയില്‍വേ അറിയിച്ചു.
ദുരന്തത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 18 പേരാണ് മരിച്ചത്. 50 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവര്‍ ഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. മരിച്ചവരില്‍ 11 സ്ത്രീകളും നാലു കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. മരിച്ചവരില്‍ ഒമ്പത് പേര്‍ ബീഹാറില്‍ നിന്നുള്ളവരും എട്ട് പേര്‍ ഡല്‍ഹിയില്‍ നിന്നുള്ളവരും ഒരാള്‍ ഹരിയാന സ്വദേശിയുമാണ്.