കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി. ശസ്ത്രക്രിയ ചെയ്യേണ്ട ശരീരഭാഗം മാറിപ്പോയെന്നാണ് പരാതി. കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ നാലു വയസുകാരിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയത്. കോഴിക്കോട് ചെറുവണ്ണൂർ മധുര ബസാർ സ്വദേശിനിയായ 4 വയസുകാരിക്കാണ് ശസ്ത്രക്രിയ മാറി ചെയ്തത്.കയ്യിലെ ആറാംവിരൽ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കായെത്തിയ കുട്ടിയുടെ നാവില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. സംഭവത്തില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ മാപ്പ് പറഞ്ഞുവെന്നും കുടുംബം പറയുന്നു. പിന്നീട് മറ്റൊരു ശസ്ത്രക്രിയയിലൂടെ ആറാം വിരല്‍ നീക്കം ചെയ്യുകയായിരുന്നു. കുട്ടിയെ ശസ്ത്രക്രിയക്കായി കൊണ്ടുപോകുമ്പോള്‍ ഒപ്പമുണ്ടായിരുന്നില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. പൂര്‍ത്തിയായി എന്ന് പറഞ്ഞ് നഴ്സ് വാര്‍ഡിലേക്ക് കൊണ്ടുവരുകയായിരുന്നു. വായില്‍ പഞ്ഞി തിരുകിയത് കണ്ടപ്പോഴാണ് വീട്ടുകാര്‍ കാര്യം അറിയുന്നത്.കയ്യിലെ തുണി മാറ്റി നോക്കിയപ്പോല്‍ ആറാം വിരല്‍ അതുപോലെയുണ്ടായിരുന്നു. കയ്യിക്കാണ് ചെയ്യേണ്ടതെന്ന് മാറിപ്പോയെന്നും പറഞ്ഞപ്പോള്‍ ചിരിച്ചുകൊണ്ടാണ് നഴ്സിന്‍റെ പ്രതികരണമെന്നും വീട്ടുകാര്‍ ആരോപിച്ചു. വളരെ നിസാരമായാണ് സംഭവം എടുത്തതെന്നും വീട്ടുകാര്‍ പറയുന്നു. എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ അധികൃതരില്‍ നിന്ന് കൃത്യമായ വിശദീകരണം ലഭിച്ചിട്ടില്ലെന്നും വീട്ടുകാര്‍ പറഞ്ഞു. മറ്റേതെങ്കിലും കുട്ടിയുമായി മാറിപ്പോയതാണോ രേഖകള്‍ മാറിപ്പോയതാണോ തുടങ്ങിയ കാര്യങ്ങളിലൊന്നും വ്യക്തതയില്ല.അതേസമയം, കുട്ടിയുടെ നാവിനും തടസ്സം ഉണ്ടായിരുന്നതായി മെഡിക്കൽ കോളേജ് സൂപ്രണ്ട് വിശദീകരിച്ചു. ഇക്കാര്യം നേരത്തെ കണ്ടെത്തിയിരുന്നോ എന്ന് വ്യക്തമല്ല. എങ്കിലും രണ്ട് ശസ്ത്രക്രിയകൾ ഒരുമിച്ച് നടത്തിയത് സംബന്ധിച്ച് അന്വേഷണം നടത്തും. എന്താണ് സംഭവിച്ചത് എന്ന് പരിശോധിക്കും എന്നും സൂപ്രണ്ട് വ്യക്തമാക്കി.നേരത്തെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സാപ്പിഴവ് പരാതികള്‍ ഉയര്‍ന്നിരുന്നു. ശസ്ത്രക്രിയക്കിടെ ഉപകരണം വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിന ഇപ്പോഴും നീതിക്കായി പോരാട്ടം തുടരുന്നതിനിടെയാണ് ഇപ്പോള്‍ വീണ്ടും കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ അവയവം മാറിയുള്ള ശസ്ത്രക്രിയ എന്ന പരാതി ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *