തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൂന്ന് പേരെയും തിരിച്ചറിഞ്ഞു. കോട്ടയം തുപ്പള്ളി കാഞ്ഞിരത്തുംമൂട് സ്വദേശികളായ വാകത്താനത്ത് വാടകയ്ക്ക് താമസിക്കുന്ന ജോർജ് പി സ്കറിയ (60),ഭാര്യ മേഴ്സി (58) മകൻ അഖിൽ (29) എന്നിവരാണ് മരിച്ചത്. ഇവരെ കഴിഞ്ഞ ദിവസം മുതൽ കാണാതാകുകയായിരുന്നു. വാകത്താനം പൊലീസ് മിസിങ് കേസും രജിസ്ട്രർ ചെയ്തിരുന്നു. സാമ്പത്തിക ബാധ്യതയെ തുടർന്ന് ഇവർ നാടുവിട്ടതാകമെന്നാണ് പൊലീസ് സംശയിക്കുന്നത്. കമ്പം-കമ്പംമേട് റോഡിൽ നിന്ന് മാറി ഒരു തോട്ടത്തിനകത്ത് പാര്‍ക്ക് ചെയ്ത ഹ്യുണ്ടെ ഗ്രാൻ്റ് ഐ10 കാറിനകത്ത് രണ്ട് പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹം കണ്ടെത്തിയെന്ന വിവരമായിരുന്നു ആദ്യം പുറത്ത് വന്നത്. കോട്ടയം രജിസ്ട്രേഷൻ(കെഎൽ 05 എയു 9199) വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. തമിഴ്‌നാട് പൊലീസിൻ്റെ ഫൊറൻസിക് സംഘം സ്ഥലത്തെത്തിയ ശേഷം കാര്‍ തുറന്ന് പരിശോധിച്ചു കാറിനകത്ത് നിന്ന് കീടനാശിനിയുടെ കുപ്പി ലഭിച്ചിട്ടുണ്ട്. ഇതോടെ മൂവരും ആത്മഹത്യ ചെയ്തതാണെന്ന സംശയത്തിലാണ് പൊലീസ് സംഘം. ജോർജ് പി സ്കറിയയുടെ കുടുംബത്തിന് രണ്ടരക്കോടിയിലേറെ രൂപയുടെ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായാണ് അയൽവാസി പറയുന്നത്. ബാങ്ക് വായ്പയും സ്വകാര്യ വ്യക്തികളിൽ നിന്ന് വാങ്ങിയ വായ്പയും ഇതിൽ ഉൾപ്പെടും. വീടും സ്ഥലവും വിറ്റ് കടം വീട്ടാനായിരുന്നു ശ്രമം. ഇത് ഏറെക്കാലമായി ശ്രമിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല. ഇതിൽ പ്രയാസത്തിലായിരുന്നു. അഖിലിന് ചെറിയ ഒരു തുണിക്കട ഉണ്ടായിരുന്നു. ഇതിലെ വരുമാനമായിരുന്നു കുടുംബത്തിൻറെ ഏക വരുമാനം. ജോർജ് കർഷകനായിരുന്നു. നാലുദിവസത്തിലേറെയായി കുടുംബത്തെക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ലെന്നും പൊലീസ് അന്വേഷണം നടക്കുകയാണെന്നുമാണ് പൊലീസ് വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *