ഐവിന്‍ ജിജോ കൊലക്കേസില്‍ കുറ്റം സമ്മതിച്ച് പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍. വാഹനം തട്ടിയതിന് പിന്നാലെ ഐവിനെ മർദിച്ചെന്നും വിഡിയോ പകർത്തിയത് പ്രകോപനത്തിന് കാരണമായെന്നും പ്രതികൾ മൊഴി നൽകി. ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഒന്നാം പ്രതി വിനയ്കുമാര്‍ ദാസിനെ പോലീസ് സ്റ്റേഷനില്‍ എത്തിച്ച അറസ്റ്റ് രേഖപ്പെടുത്തി.

സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ അശ്രദ്ധമായി കാറോടിച്ചതാണ് തര്‍ക്കത്തിന് തുടക്കം കുറിച്ചത് . ഐവിന്റെ കാറില്‍ തട്ടിയതോടെ വാക്കേറ്റം ഉണ്ടയായി പിന്നാലെ നേരിയ സംഘര്‍ഷം ഉണ്ടായി. എല്ലാം ഐവിന്‍ മൊബൈലില്‍ പകര്‍ത്തി. നാട്ടുകാര്‍ എത്തുന്നതിന് മുൻപ് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഐവിനെ കാര്‍ ഇടിപ്പിച്ചത്. ഒരു കിലോമീറ്റര്‍ ഓളം ഐവിന്‍ ബോണറ്റില്‍ ഉണ്ടായിരുന്നിട്ടും വാഹനം നിര്‍ത്താന്‍ പ്രതികള്‍ക്ക് തോന്നിയില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഈ പശ്ചാത്തലത്തിലാണ് വാഹനം ഓടിച്ച വിനയ് കുമാറിന് പുറമേ അടുത്ത സീറ്റില്‍ ഉണ്ടായിരുന്ന മോഹനനെതിരെയും കൊലക്കുറ്റം ചുമത്തിയത്.

അതേ സമയം, അന്വേഷണം കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് തുറവൂര്‍ പഞ്ചായത്ത്. പരമാവധി സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയ തെളിവുകളും പൊലീസ് സമാഹരിച്ചിട്ടുണ്ട്. പ്രതികളെ റിമാന്‍ഡ് ചെയ്ത ശേഷം വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യും. പ്രതികള്‍ക്കെതിരെ കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നെടുമ്പാശേരി സിഐഎസ്എഫ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *