തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് വന്‍ തുക ചെലവഴിച്ച് മോടിപിടിപ്പിക്കേണ്ടതില്ലെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. നിലവില്‍ അത്യാവശ്യമായ ചില്ലറ അറ്റകുറ്റപ്പണികള്‍ മാത്രം നടത്തിയാല്‍ മതിയെന്നാണ് നിര്‍ദേശം. മുഖ്യമന്ത്രിയുടെ വസതി മാത്രമല്ല, മറ്റ് മന്ത്രി മന്ദിരങ്ങളും അനാവശ്യമായി ഫണ്ട് ഉപയോഗിച്ച് ആഡംബരമാക്കേണ്ടതില്ലെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ പിണറായി വിജയന്‍ സര്‍ക്കാരിന്റെ പത്ത് വര്‍ഷക്കാലത്തെ ഭരണത്തില്‍ വലിയ രീതിയില്‍ വിവാദങ്ങളില്‍ നിറഞ്ഞ പേരായിരുന്നു മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും ക്ലിഫ് ഹൗസില്‍ നടത്തിയ വന്‍ തുകയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പ്രതിപക്ഷത്തിന്റെ വലിയ ആയുധമായിരുന്നു.

മൊത്തം 4.2 ഏക്കര്‍ കോംപൗണ്ടിലായി 15,000 ചതുരശ്ര അടി വലുപ്പമുള്ള കെട്ടിടമാണ് ക്ലിഫ് ഹൗസ്. ഏഴ് കിടപ്പുമുറികള്‍, ഒരു ഓഫീസ് മുറി, ഒരു കോണ്‍ഫറന്‍സ് ഹാള്‍ എന്നിവ ഇവിടെയുണ്ട്. കൂടാതെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പരിചാരകര്‍ക്കുമായി രണ്ട് ചെറിയ കെട്ടിടങ്ങളും ഈ കോംപൗണ്ടിലുണ്ട്. ക്ലിഫ് ഹൗസിലെ നീന്തല്‍ക്കുളം നവീകരിക്കുന്നതിനായി മാത്രം ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2016 മെയ് മുതല്‍ 2022 നവംബര്‍ 14 വരെ 31,92,360 രൂപ (31.92 ലക്ഷം) ആണ് ചെലവിട്ടത്.

വസതിക്കുള്ളില്‍ ലിഫ്റ്റ് സ്ഥാപിക്കുന്നതിനായി മാത്രം 25.50 ലക്ഷം രൂപ അനുവദിച്ചതും കടുത്ത ജനവിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ക്ലിഫ് ഹൗസ് ഉള്‍പ്പെടെയുള്ള മന്ത്രി മന്ദിരങ്ങളില്‍ മരപ്പട്ടി ശല്യം രൂക്ഷമാണെന്ന മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പരസ്യ പ്രതികരണവും വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *