ചെന്നൈ: മാതൃദിനത്തില്‍ നടി സരിത പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. സിംഗിള്‍ മദറായുള്ള തന്റെ 30 വര്‍ഷത്തെ ജീവിതത്തെക്കുറിച്ചും കടന്നുപോയ വഴികളെക്കുറിച്ചുമാണ് സരിത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. കുറിപ്പില്‍ മുന്‍ഭര്‍ത്താവ് മുകേഷിന് നന്ദിയും പറയുന്നുണ്ട്.
സരിതയുടെ കുറിപ്പ്
‘ലോകത്തിലെ എല്ലാ പ്രിയപ്പെട്ട അമ്മമാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ മാതൃദിനാശംസകള്‍! ഒരു സിംഗിള്‍ മദര്‍ എന്ന നിലയില്‍, ഏറ്റവും കരുത്തയായ ഒരു അമ്മയായി എന്റെ ജീവിതം ആഘോഷിക്കാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് കൃത്യം 30 വര്‍ഷം തികയുകയാണ്… എന്റെ രണ്ട് പ്രിയപ്പെട്ട ആണ്മക്കള്ക്കൊപ്പം ഈ ജീവിതം അനുഭവിച്ചറിയാന്‍ എനിക്ക് അവസരം നല്‍കിയതിന് അവരുടെ അച്ഛനോട് ഞാന്‍ നന്ദി പറയുന്നു.
മക്കള്‍ വളരുന്നതിനൊപ്പം അവരോടൊപ്പം വളരാനും എനിക്ക് സാധിച്ചു. ആ യാത്രയില്‍ ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു, ഇന്നും ഓരോ ദിവസവും പുതിയ കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്… ഞാന്‍ ഒരു സിംഗിള്‍ മദര്‍ ആയിരുന്നില്ലെങ്കില്‍, ഒരുപക്ഷേ ഇന്നും പഴയ ആ പാവം (അറിവില്ലാത്ത) പെണ്‍കുട്ടിയായിത്തന്നെ തുടരുമായിരുന്നു. ഒരുപാട് പ്രതിസന്ധികളെയും തടസ്സങ്ങളെയും അതിജീവിക്കാനുള്ള കരുത്ത് ദൈവം എനിക്ക് നല്കി. ഓരോ ദിവസവും എന്റെ മക്കളുടെ മുഖം കാണുന്നതാണ് എനിക്ക് ജീവിക്കാനുള്ള പ്രചോദനം… ഞാന്‍ അത്രമാത്രം അനുഗ്രഹിക്കപ്പെട്ടവളാണ്. ഇന്ന് എനിക്ക് മനോഹരമായ ആശംസകള്‍ അയച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി… എല്ലാവരെയും ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു…’
1988ലായിരുന്നു സരിതയുടെയും മുകേഷിന്റെയും വിവാഹം. 2011ല്‍ ഇരുവരും വേര്‍പിരിയുകയും ചെയ്തു. ആന്ധ്രാക്കാരിയായ സരിതയുടെ രണ്ടാം വിവാഹമായിരുന്നു. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു സരിതയും മുകേഷും വിവാഹിതരായത്. പതിനാറ് വയസ്സുള്ളപ്പോഴാണ് സരിതയുടെ ആദ്യ വിവാഹം. തെലുങ്ക് നടനായ വെങ്കട സുബയ്യയായിരുന്നു സരിതയുടെ ആദ്യ ഭര്‍ത്താവ്. ഈ ദാമ്പത്യത്തിനു വെറും ആറ് മാസത്തെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് വെങ്കട സുബ്ബയ്യയും സരിതയും വേര്‍പിരിഞ്ഞു.
പിസി 369 എന്ന സിനിമയിലൂടെയാണ് മുകേഷും സരിതയും തമ്മില്‍ അടുപ്പത്തിലാകുന്നത്. മുകേഷുമായുള്ള വിവാഹശേഷം സിനിമയില്‍ സരിത അത്ര സജീവമല്ലായിരുന്നു. മുകേഷില്‍ നിന്നുണ്ടായ ഗാര്‍ഹിക പീഡനത്തെക്കുറിച്ച് സരിത പലവട്ടം തുറന്നുപറഞ്ഞിട്ടുണ്ട്. മുകേഷ് ഈ ആരോപണങ്ങളോട് പ്രതികരിച്ചിരുന്നില്ല. മുകേഷുമായുള്ള ബന്ധത്തില്‍ ശ്രാവണ്‍, തേജസ് എന്നീ മക്കളും സരിതക്കുണ്ട്. മക്കള്‍ക്കൊപ്പമാണ് സരിത താമസിക്കുന്നത്.
