തൊടുപുഴ നഗരസഭയുടെ പാറക്കടവ് ഡംപിങ് യാര്‍ഡിലെ മാലിന്യമല ഇനി പാര്‍ക്കായി മാറും. ഇവിടെ കുന്നുകൂടിയ മാലിന്യക്കൂമ്പാരം നീക്കം ചെയ്ത് ആ ഭൂമി ഉപയോഗ്യമാക്കി മാറ്റുന്ന ബയോമൈനിങ് പദ്ധതി അന്തിമഘട്ടത്തിലാണെന്ന് അധികൃതര്‍ അറിയിച്ചു. ശുചിത്വ മിഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
മാലിന്യം ശാസ്ത്രീയമായി വേര്‍തിരിച്ച് സംസ്‌കരിക്കുകയും ഭൂമി ഉപയോഗ്യമാക്കുകയുമാണ് ലക്ഷ്യം. നാല്‍പ്പത് വര്‍ഷത്തോളമായി തൊടുപുഴ നഗരസഭയില്‍ നിന്നുള്ള മാലിന്യങ്ങള്‍ നിക്ഷേപിച്ചിരുന്ന കേന്ദ്രമാണ് പാറക്കടവ്. ഇത് കുന്നുപോലെ ഉയര്‍ന്ന മാലിന്യമലയായി മാറിയിരുന്നു. ആ സാഹചര്യത്തിലാണ് പദ്ധതിയുമായി നഗരസഭാധികൃതര്‍ രംഗത്തെത്തിയത്.
കോഴിക്കോട് ആസ്ഥാനമായ സ്വകാര്യ സ്ഥാപനമാണ് മാലിന്യം നീക്കം ചെയ്യുന്നത്. 5 മാസം കൊണ്ട് 1.24 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള പ്രദേശത്തെ 26,683 ക്യൂബിക് മീറ്റര്‍ മാലിന്യമാണ് നീക്കം ചെയ്തത്. ഇതിനായി 2.83 കോടി രൂപയുടെ ധനസഹായമാണ് സര്‍ക്കാര്‍ വകയിരുത്തിയത്. ഇതുവരെ ഏകദേശം 18,000 ക്യൂബിക് മീറ്റര്‍ മാലിന്യം ശാസ്ത്രീയമായി വേര്‍തിരിക്കപ്പെട്ടിട്ടുണ്ട്. കാലവര്‍ഷം ആരംഭിച്ചതിനാല്‍ മാലിന്യം മഴയില്‍ നനഞ്ഞ് വേര്‍തിരിക്കല്‍ പ്രയാസകരമായതിനാല്‍ മഴ മാറിയ ശേഷമേ പ്രവൃത്തികള്‍ പുനനാരംഭിക്കുകയുള്ളു.
ശുചിത്വത്തിലും ആരോഗ്യ പരിസ്ഥിതി സംരക്ഷണ മേഖലകളിലും ഈ പദ്ധതി വലിയ നേട്ടമാകും. മാലിന്യം നീക്കം ചെയ്ത പ്രദേശത്ത് ബയോമൈനിങ് പ്ലാന്റും പാര്‍ക്കുകളും മറ്റും ആരംഭിക്കും. പരിസ്ഥിതി സംരക്ഷണത്തില്‍ മാതൃകയായി പാറക്കടവ് മാറുമെന്നാണ് നഗരസഭ പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *