സംസ്ഥാനത്തെ 16 ലക്ഷത്തിലധികം വരുന്ന പാവപ്പെട്ട സ്ത്രീകൾക്ക് വലിയ ആശ്വാസമായിരുന്ന ‘സ്ത്രീ സുരക്ഷാ പെൻഷൻ’ പദ്ധതി അട്ടിമറിക്കാനുള്ള യുഡിഎഫ് സർക്കാർ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി പി കെ ശ്രീമതി. ഒരു വരുമാനവുമില്ലാത്ത സാധാരണക്കാരായ സ്ത്രീകൾക്ക് മുൻ സർക്കാർ കൃത്യമായി തുക മാറ്റിവെച്ച പദ്ധതിയാണിതെന്നും, അത് മുടക്കുന്നത് സ്ത്രീകളോട് സർക്കാർ ചെയ്യുന്ന വലിയ ചതിയാണെന്നും അവർ കുറ്റപ്പെടുത്തി. പെൻഷൻ തുക നൽകാതെ അട്ടിമറിക്കുന്ന സർക്കാർ നടപടി ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. ഈ തുക വകമാറ്റി കെഎസ്ആർടിസിക്ക് നൽകാനാണോ നിലവിലെ സർക്കാരിന്റെ ഭാവമെന്നും പി.കെ. ശ്രീമതി ചോദിച്ചു.
ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. റീനയെ പെട്ടെന്ന് സ്ഥാനത്തുനിന്ന് മാറ്റിയ സർക്കാർ നടപടിക്കെതിരെയും പി കെ ശ്രീമതി പ്രതികരിച്ചു. യാതൊരുവിധ മുൻകൂർ നോട്ടീസും നൽകാതെയാണ് ഒരു മണിക്കൂർ കൊണ്ട് ഈ അടിയന്തര സ്ഥലംമാറ്റ ഉത്തരവ് ഇറക്കിയതെന്നും ഇത് പൂർണ്ണമായും നിയമവിരുദ്ധമാണെന്നും അവർ ചൂണ്ടിക്കാട്ടി. അഡ്മിനിസ്ട്രേറ്റീവ് കേഡറിലുള്ള ഒരു ഉദ്യോഗസ്ഥയെ അവരുടെ അനുമതിയോ സമ്മതമോ ഇല്ലാതെ സ്പെഷ്യലിറ്റി കേഡറിലെ ‘കൺസൾട്ടന്റ്’ പോസ്റ്റിലേക്ക് മാറ്റാൻ നിയമപരമായി കഴിയില്ല. ഡോ. റീനയുടെ ഭാഗത്ത് എന്തെങ്കിലും തരത്തിലുള്ള ഔദ്യോഗിക വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അവർക്ക് കൃത്യമായ നോട്ടീസ് നൽകി വിശദീകരണം തേടുകയാണ് സർക്കാർ ചെയ്യേണ്ടിയിരുന്നത്. അതിനൊന്നും മുതിരാതെ നടത്തിയ ഈ നീക്കത്തിന് പിന്നിൽ വലിയ സാങ്കേതിക തകരാറുകളുണ്ടെന്ന് പി കെ ശ്രീമതി വ്യക്തമാക്കി.
