തിരുവോണോഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര മുഖ്യമന്ത്രി വി ഡി സതീശന് തൃപ്പൂണിത്തുറ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ ഉദ്ഘാടനം ചെയ്തു. മന്ത്രി അനൂപ് ജേക്കബ് അടക്കമുള്ള പ്രമുഖർക്കൊപ്പം തിരിതെളിയിച്ച മുഖ്യമന്ത്രി, തൃപ്പൂണിത്തുറയെ ചരിത്ര പൈതൃക നഗരമാക്കി മാറ്റണമെന്ന് ആഹ്വാനം ചെയ്തു. ഇവിടുത്തെ പൈതൃക പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിനായി വിദേശത്തുനിന്ന് വിദഗ്ധരെ കൊണ്ടുവന്നു പഠിപ്പിക്കണമെന്നും, പ്രൊപോസൽ തയ്യാറാക്കിയാൽ നടപ്പാക്കാൻ സർക്കാർ തയ്യാറാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇക്കാര്യത്തിൽ രാഷ്ട്രീയം മാറ്റിവെച്ച് എല്ലാവർക്കും ഒന്നിച്ച് നിൽക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചലച്ചിത്ര താരം ജഗദീഷ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് ചടങ്ങിൽ സംസാരിച്ചു. ഈ സർക്കാരിൽ നിന്ന് തനിക്ക് ഒരു പദവിയും വേണ്ടെന്ന് ആദ്യമേ വ്യക്തമാക്കിയിരുന്നതായി പറഞ്ഞ അദ്ദേഹം, മുഖ്യമന്ത്രിയെ ‘വെരി ഡൗൺ ടു എർത്ത്’ എന്നാണ് വിശേഷിപ്പിച്ചത്. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങൾ ഇൻഫോർമേറ്റീവും എന്റർടെയ്നിംഗുമാണെന്നും, അവ അച്ചടിച്ച് പ്രസിദ്ധീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുഞ്ചാക്കോ ബോബൻ സമ്മാനിച്ച ഓണക്കോടിയായ മുണ്ടാണ് താൻ ധരിച്ചിരിക്കുന്നതെന്നും അദ്ദേഹം തമാശയായി പറഞ്ഞു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രണ്ടായിരത്തോളം കലാകാരന്മാരാണ് ഘോഷയാത്രയിൽ അണിനിരന്നത്. പുലികളി, തെയ്യം, വേലകളി, ചെണ്ടമേളം തുടങ്ങിയ തനത് നാടൻ കലാരൂപങ്ങളുടെ അകമ്പടിയോടെ നടന്ന ഘോഷയാത്ര നഗരത്തെ ഉത്സവലഹരിയിലാഴ്ത്തി. അവധി ദിവസമായതിനാൽ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്.
