സിനിമകളെ നിരൂപണം ചെയ്യുന്നവർക്ക് സിനിമയുടെ സാങ്കേതിക ഘടകങ്ങളെക്കുറിച്ചുള്ള അറിവ് അത്യാവശ്യമാണെന്ന സംവിധായിക അഞ്ജലി മേനോന്റെ പരാമർശം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.പുതിയ ചിത്രം വണ്ടര്‍ വുമെനിന്‍റെ റിലീസിനു മുന്നോടിയായി ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് അഞ്ജലി മേനോൻ തന്റെ അഭിപ്രാങ്ങൾ പറഞ്ഞത്.”നിരൂപകർക്ക് പലപ്പോഴും സിനിമയുടെ സാങ്കേതികതയെപ്പറ്റി അറിവുണ്ടാകില്ല. ഒരു സിനിമ എങ്ങനെയാണ് ഉണ്ടാവുന്നതെന്ന് അറിയേണ്ടത് അത്യാവശ്യമാണെന്നാണ് എനിക്ക് തോന്നുന്നത്. സിനിമയ്ക്ക് ലാ​ഗ് ഉണ്ട് എന്നൊക്കെ പറയുന്നത് കേൾക്കുമ്പോഴാണ് എനിക്ക് ഏറ്റവും ചിരി വരാറുള്ളത്. എന്താണ് അത്? എഡിറ്റിം​ഗ് എന്ന പ്രക്രിയ എന്താണ്? ഇങ്ങനെയുള്ള അഭിപ്രായം പറയുന്നതിന് മുൻപേ അത് ആദ്യം കുറച്ചെങ്കിലും ഒന്ന് അറിഞ്ഞിരിക്കണം”എന്നാണ് അഞ്ജലി പറഞ്ഞത്.ഇത് വാൻ തോതിൽ ചർച്ചയായതിന് പിന്നാലെയാണ് സിനിമാ നിര്‍മ്മാണ പ്രക്രിയയെക്കുറിച്ച് അറിയുന്നത് മികച്ച റിവ്യൂ ചെയ്യുന്നതിന് സഹായകമാകും എന്നാണ് താന്‍ പറഞ്ഞതെന്ന് വ്യക്തമാക്കി അഞ്ജലി രംഗത്തെത്തിയത്.പ്രേക്ഷകരുടെ നിര്‍ദേശങ്ങളെയും നിരൂപണങ്ങളും താന്‍ എല്ലായ്‌പ്പോഴും മാനിക്കുന്നുവെന്നും അഭിപ്രായ പ്രകടനത്തിനുള്ള അവകാശം പ്രേക്ഷകര്‍ക്കുണ്ടെന്നും അഞ്ജലി കൂട്ടിച്ചേര്‍ത്തു. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു അഞ്ജലിയുടെ പ്രതികരണം.

‘ഒരു സിനിമാ നിര്‍മ്മാണത്തിന്റെ പ്രക്രിയയെക്കുറിച്ചുള്ള അറിവില്‍ നിന്ന് എങ്ങനെ ഒരു മികച്ച നിരൂപണം ചെയ്യാം എന്നാണ് ഞാന്‍ ആ അഭിമുഖത്തില്‍ പറഞ്ഞത്. എംഡിഎം ഉദയ താരാ നായരെപ്പോലുള്ള ഒരു ഫിലിം ജേണലിസ്റ്റിന്റെ ഉദാഹരണം നല്‍കിയത് അതിനാണ്. പ്രൊഫഷണല്‍ നിരൂപകര്‍ മികച്ച രീതിയില്‍ നിരൂപണങ്ങള്‍ ചെയ്യുമെന്നാണ് ഞാന്‍ പറഞ്ഞതിന് അര്‍ത്ഥം. പ്രേക്ഷകരുടെ നിര്‍ദേശങ്ങളെയും നിരൂപണങ്ങളും ഞാന്‍ എല്ലായ്‌പ്പോഴും മാനിക്കുന്നുണ്ട്. നല്ലതോ മോശപ്പെട്ടതോ ആയ സിനിമ കാണാനും അഭിപ്രായം പ്രകടിപ്പിക്കാനും പ്രേക്ഷകര്‍ക്ക് എല്ലാ അവകാശവും ഉണ്ടെന്ന് വിശ്വസിക്കുന്നു. യഥാര്‍ത്ഥത്തില്‍ പ്രേക്ഷകരില്‍ നിന്നുള്ള അവലോകനങ്ങള്‍ക്കായി ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്നാണ് ഞാന്‍ ഈ അഭിമുഖത്തില്‍ പറഞ്ഞത്. അഭിമുഖത്തിലെ എന്റെ പരാമര്‍ശങ്ങള്‍ ആശയക്കുഴപ്പം ഉണ്ടാക്കാതിരിക്കാന്‍ ഈ കുറിപ്പ് പങ്കിടുക. നന്ദി’, അഞ്ജലി മേനോന്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *