തിരുവനന്തപുരം∙ ആർഎസ്എസിന്റെ പ്രാദേശിക നേതാവ് എന്നതിനൊപ്പം നാട്ടിലെ അറിയപ്പെടുന്ന സംരംഭകൻ കൂടിയായിരുന്നു, ബിജെപി സീറ്റ് നിഷേധിച്ചെന്ന് ആരോപിച്ച് തൃക്കണ്ണാപുരത്ത് ഇന്നലെ ആത്മഹത്യ ചെയ്ത ആനന്ദ് കെ.തമ്പി. കഴിഞ്ഞതവണ ബിജെപി 431 വോട്ടിനു ജയിച്ച തൃക്കണ്ണാപുരം വാർഡിൽ ഇത്തവണ പാർട്ടി സ്ഥാനാർഥിയാക്കുമെന്ന് ആനന്ദിനൊപ്പം പല പാർട്ടി പ്രവർത്തകരും വിശ്വസിച്ചു. സീറ്റ് തനിക്കാണെന്ന ആത്മവിശ്വാസം പലരോടും ആനന്ദ് പ്രകടിപ്പിച്ചിരുന്നു. ആർഎസ്എസിന്റെ ജില്ലാ നേതാക്കളോടും ആനന്ദ് താൽപര്യം അറിയിച്ചിരുന്നു. എന്നാൽ വാർഡുതലത്തിലെ നേതാക്കൾ ജില്ലാ കമ്മിറ്റിക്ക് അയച്ച അഞ്ചംഗ പാനലിൽ പോലും ആനന്ദിനെ ഉൾപ്പെടുത്തിയില്ല എന്നാണ് ഇന്നലെ ബിജെപി നേതൃത്വത്തിന്റെ പ്രതികരണത്തിൽ നിന്നു വ്യക്തമായത്.
ആർഎസ്എസ് പശ്ചാത്തലവും സംരംഭകൻ എന്ന മേൽവിലാസവും ഉള്ളതു കൊണ്ട് വോട്ട് സമാഹരിക്കാൻ കഴിയുമെന്നു മനസ്സിലായതോടെയാണു പ്രതിഷേധ സൂചകമായി സ്വതന്ത്ര സ്ഥാനാർഥിയാകാൻ തീരുമാനിച്ചത്. എന്നാൽ അപ്രതീക്ഷിതമായി ശിവസേനാ നേതാക്കളുമായി ചർച്ച നടത്തുകയും തൃക്കണ്ണാപുരത്തെ ആനന്ദിന്റെ ഹോട്ടലിൽ വച്ച് ശിവസേനാ അംഗത്വം സ്വീകരിക്കുകയുമായിരുന്നു. ഇന്നലെ ഉച്ച വരെ പ്രചാരണത്തിൽ സജീവമായിരുന്നു. നാളെ വാർഡ് കൺവൻഷൻ വിളിക്കാനും തീരുമാനിച്ചിരുന്നതായി ശിവസേനാ നേതാവ് അജി പെരിങ്ങമ്മല പറഞ്ഞു. തൃക്കണ്ണാപുരത്തിനടുത്തു കുന്നപ്പുഴയിൽ ഗുരു എന്റർപ്രൈസസ് എന്ന പേരിൽ ആനന്ദ് പെയ്ന്റ് വ്യാപാരം നടത്തിയിരുന്നു. അർബൻ കിച്ചൻ, അർബൻ ടച്ച് ബ്യൂട്ടി പാർലർ എന്നിവയിലും ആനന്ദിനു ബിസിനസ് പങ്കാളിത്തമുണ്ടായിരുന്നു.
ബിസിനസ് ആവശ്യത്തിനായി എടുത്ത 37 ലക്ഷം രൂപയുടെ വായ്പ ബാധ്യതയുള്ളതായി ആത്മഹത്യക്കുറിപ്പിൽ പറയുന്നുണ്ട്. 10 ലക്ഷം രൂപ അച്ഛനോടു കടം വാങ്ങിയിരുന്നു.എല്ലാ വായ്പയുടെയും മാസ അടവ് കൃത്യമായി നടത്തിയിരുന്നു. പെയ്ന്റ് കടയിൽ 30 ലക്ഷം രൂപയുടെ സ്റ്റോക്ക് ഉണ്ട്. 12 ലക്ഷം രൂപ പെയ്ന്റ് വിൽപന നടത്തിയ വകയിൽ ലഭിക്കാനുണ്ട്. വഞ്ചിനാട് സഹകരണ സംഘത്തിൽനിന്ന് 22 ലക്ഷം രൂപ കിട്ടാനുണ്ട്. ബിജെപിയുടെ ചില നേതാക്കൾ പണം മടക്കി നൽകാനുള്ളതായി കുറിപ്പിലുണ്ട്. കിട്ടാനും കൊടുക്കാനും ഉള്ള പണത്തിന്റെ കണക്കുകൾ പെയ്ന്റ് കടയിലെ കംപ്യൂട്ടറിൽ സൂക്ഷിച്ചിട്ടുണ്ടെന്നും കുറിപ്പിൽ പറയുന്നു.
നാട്ടിൽ നല്ല നിലയ്ക്കു ജീവിതം നയിച്ചിരുന്ന ആനന്ദിന്റെ ആത്മഹത്യ നാട്ടുകാർക്കും ഞെട്ടലായി. മരണവിവരം അറിഞ്ഞതിനു പിന്നാലെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്നു ഭാര്യ ആതിരയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആനന്ദ്, ഭാര്യ, മക്കൾ എന്നിവരായിരുന്നു തൃക്കണ്ണാപുരം ജയ്നഗറിലെ ‘സരോവരം’ എന്ന വീട്ടിൽ താമസം. സമീപത്തെ മറ്റൊരു വീട്ടിലാണു മാതാപിതാക്കൾ കഴിഞ്ഞിരുന്നത്. ആതിര കുട്ടികളുടെ സ്കൂളിൽ പോയ സമയത്തായിരുന്നു ആത്മഹത്യാശ്രമം. മരണവിവരമറിഞ്ഞ് എത്തിയ മാധ്യമപ്രവർത്തകരെ പ്രാദേശിക ബിജെപി പ്രവർത്തകർ ആനന്ദിന്റെ വീട്ടിലേക്കു പ്രവേശിപ്പിച്ചില്ല.
