തിരുവനന്തപുരം: സംസ്ഥാനത്ത് അങ്ങോളമിങ്ങോളം നടന്ന പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് 1343 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. 231 കോടിയുടെ തട്ടിപ്പ് നടന്നതില്‍ ഇതുവരെ 1343 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 665 കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറും. 48,384 പേരാണ് തട്ടിപ്പിനിരയായെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. കേസിലെ മുഖ്യപ്രതികളെല്ലാം അറസ്റ്റിലായി. ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. സീഡ് വഴിയും എന്‍ജിഒ കോണ്‍ഫഡേഷനും വഴിയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. കോഡിനേറ്റര്‍മാര്‍ക്ക് കമ്മീഷന്‍ അടക്കം നല്‍കിയാണ് തട്ടിപ്പ് നടത്തിയത്. രാഷ്ട്രീയ നേതാക്കളാരെങ്കിലും ഉണ്ടോ എന്ന ചോദ്യത്തിന് അന്വേഷണ കേസ് അന്വേഷണ ഘട്ടത്തിലാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

അന്വേഷണത്തിന്റെ ഭാഗമായി ഇനിയും കുറെയധികം വിവരങ്ങള്‍ പുറത്തുവരാന്‍ ഉണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രമുഖ വ്യക്തികളോട് ഒപ്പം നില്‍ക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് വിശ്വാസ്യത നേടിയായിരുന്നു തട്ടിപ്പ് നടത്തിയത്. വിശ്വാസ്യത നേടിയെടുക്കാന്‍ ഫീല്‍ഡ് തലത്തില്‍ കോഡിനേറ്റര്‍മാരെ നിയമിച്ചു. ആദ്യഘട്ടത്തില്‍ പദ്ധതിയില്‍ ചേര്‍ന്ന ആളുകള്‍ക്ക് പകുതി വിലയ്ക്ക് സ്‌കൂട്ടറുകള്‍ നല്‍കി. പിന്നീട് പദ്ധതിയില്‍ ചേര്‍ന്നവര്‍ക്ക് സ്‌കൂട്ടറുകള്‍ നല്‍കിയില്ല. ഇരകളുടെ താല്‍പര്യത്തിനൊപ്പമാണ് സര്‍ക്കാരെന്നും നിയമപരമായ കാര്യങ്ങള്‍ പൂര്‍ത്തിയായാല്‍ മാത്രമേ തുക തിരിച്ച് നല്‍കുന്ന കാര്യങ്ങളിലേക്ക് കടക്കാന്‍ കഴിയൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *