തിരുവനന്തപുരം: കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കൗൺസിലർ സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ച പെൺകുട്ടിക്കുപകരം സംഘടനാനേതാവായ ആൺകുട്ടിയെ നാമനിർദേശം ചെയ്തത് വിവാദമായി. സർവകലാശാല യൂണിയന്റെ നേതൃത്വത്തിൽ വിദ്യാർത്ഥി നേതാവിനെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആൾമാറാട്ടമെന്നാണ് പുറത്തു നിന്നുള്ള വിവരം.

കേരള യൂണിവേഴ്സിറ്റിക്കു കീഴിലുള്ള കാട്ടാക്കട ക്രിസ്ത്യൻ കോളജിലാണ് സംഭവം. ഡിസംബർ 12നാണ് ഇവിടെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് നടന്നത്. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ (യുയുസി) സ്ഥാനത്തേക്ക് എസ്എഫ്ഐ പാനലിലെ ആരോമലും അനഘയുമാണ് ജയിച്ചത്.

എന്നാൽ, കൗൺസിലർമാരുടെ പേരുകൾ കോളജിൽ നിന്ന് യൂണിവേഴ്സിറ്റിയിലേക്ക് നൽകിയപ്പോൾ അനഘയ്ക്ക് പകരം കോളജിലെ ഒന്നാം വർഷ ബിഎസ്‍സി വിദ്യാർത്ഥി എ വിശാഖിന്റെ പേരാണ് ഉണ്ടായിരുന്നത്. എസ്എഫ്ഐ കാട്ടാക്കട ഏരിയ സെക്രട്ടറിയാണ് വിശാഖ്. കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വൈശാഖ് മത്സരിച്ചിരുന്നില്ലെന്നുമാണ് റിപ്പോർട്ട്.

കോളജുകളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട യുയുസിമാരിൽനിന്നാണ് വോട്ടെടുപ്പിലൂടെ സർവകലാശാല യൂണിയൻ ഭാരവാഹികളെ തെരഞ്ഞെടുക്കുക. വിശാഖിനെ കേരള സർവകലാശാലാ യൂണിയൻ ചെയർമാൻ പദവിയിൽ എത്തിക്കാൻ വേണ്ടിയാണ് കോളേജ് തലത്തിൽ കൃത്രിമം കാട്ടിയതെന്നാണ് ആക്ഷേപം ഉയരുന്നത്. 26നാണ് സർവകലാശാല യൂണിയൻ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *