കുന്ദമംഗലം: വംശീയതക്കും സാമൂഹിക വിദ്വേഷത്തിനും സാമുദായിക ധ്രുവീകരണത്തിനുമുള്ള ശ്രമങ്ങൾ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തിൽ നവോത്ഥാന മുന്നേറ്റങ്ങളുടെയും സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെയും മൂല്യങ്ങളെ ഉയർത്തിപ്പിടിച്ചുകൊണ്ട് സാഹോദര്യ രാഷ്ട്രീയ കേരളത്തിനായി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരിയുടെ നായകത്വത്തിൽ നടക്കുന്ന ‘സാഹോദര്യ കേരള പദയാത്ര’ ക്ക് മെയ് 19ന് കുന്നമംഗലം മണ്ഡലത്തിൽ സ്വീകരണം നൽകുമെന്ന് സംഘാടക കമ്മിറ്റി പത്രസമ്മേളനത്തിൽ അറിയിച്ചു. “നാടിൻ്റെ നന്മക്ക് നമ്മളൊന്നാകണം” എന്ന തലക്കെട്ടിൽ ഏപ്രിൽ 19-ന് തിരുവനന്തപുരത്ത് നിന്നും പ്രയാണമാരംഭിച്ച പദയാത്ര സംസ്ഥാനത്തെ 14 ജില്ലകളിലും പര്യടനം നടത്തി മെയ് 31 ന് കോഴിക്കോട് സമാപിക്കും. കുന്ദമംഗലം മണ്ഡലത്തിൽ നടക്കുന്ന സ്വീകരണ പരിപാടി, രാവിലെ 9-ന് പാലക്കൽ പമ്പിന് സമീപത്ത് നിന്ന് ആരംഭിച്ച് കുന്ദമംഗലം ബസ്റ്റാൻഡിൽ പൊതുസമ്മേളനത്തോടെ സമാപിക്കും. പൊതു സമ്മേളനത്തിൽ വെൽഫെയർപാർട്ടി സംസ്ഥാന ജ. സെക്രട്ടറി ജബീന ഇർഷാദ്, സംസ്ഥാന സെക്രട്ടറിമാരായ ജ്യോതിവാസ് പറവൂർ, ഷംസീർ ഇബ്രാഹിം, ജില്ലാ സെക്രട്ടറിമാരായ ശശീന്ദ്രൻ ബപ്പൻകാട്, ജുമൈല എൻ കെ, മണ്ഡലം പ്രസിഡൻറ് ഉമർ ഇ പി, സെക്രട്ടറി അൻഷാദ് മണക്കടവ്, മണ്ഡലം ട്രഷറർ ടി പി ശാഹുൽ ഹമീദ്, ജനറൽ കൺവീനർ മുസ്‌ലിഹ് പെരിങ്ങൊളം ഉൾപ്പെടെയുള്ള നേതാക്കൾ പ്രസംഗിക്കും.

  നൂറുകണക്കിന് പേർ അണിനിരക്കുന്ന പദയാത്രയെ സമൂഹത്തിലെ വിവിധ രാഷ്ട്രീയ സാമുദായിക സാംസ്കാരിക പ്രവർത്തകരും നേതാക്കളും അഭിവാദ്യം ചെയ്യും. വിവിധ സാമൂഹിക ജനവിഭാഗങ്ങളിലെ നേതാക്കൾ, ഫാസിസ്റ്റ് വിരുദ്ധ പോരാളികൾ, ജനകീയ സമര നേതാക്കൾ എന്നിവരുമായുള്ള കൂടിക്കാഴ്ച, തെരുവ് നാടകം, വിവിധ കലാവിഷ്കാരങ്ങൾ തുടങ്ങിയ വ്യത്യസ്ത പരിപാടികൾ യാത്രയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. സമകാലിക രാഷ്ട്രീയ സാഹചര്യത്തിൽ സാമൂഹിക പ്രസക്തമായ വിഷയങ്ങൾ ഉയർത്തിക്കൊണ്ട് സംഘടിപ്പിക്കുന്ന സാഹോദര്യ കേരള പദയാത്രയ്ക്ക് എല്ലാ വിഭാഗം ജനങ്ങളുടെയും മുഴുവൻ മാധ്യമപ്രവർത്തകരുടെയും പൂർണമായ പിന്തുണ ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു. 

Leave a Reply

Your email address will not be published. Required fields are marked *