ഡൽഹി: തലസ്ഥാന നഗരിയിൽ സിഎൻജി വില വീണ്ടും വർധിപ്പിച്ചു. കിലോയ്ക്ക് ഒരു രൂപയാണ് ഇത്തവണ കൂട്ടിയത്. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ നിലവിലെ സംഘർഷങ്ങൾ ആഗോള ഊർജ്ജ വിപണിയെ പ്രതികൂലമായി ബാധിച്ച പശ്ചാത്തലത്തിലാണ് ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് വില വർധിപ്പിക്കാൻ തീരുമാനിച്ചത്. രണ്ടു ദിവസത്തിനിടെ ഡൽഹിയിലുണ്ടാകുന്ന രണ്ടാമത്തെ വിലക്കയറ്റമാണിത്.
പുതിയ വർധനവോടെ ഡൽഹിയിൽ ഒരു കിലോ സിഎൻജിയുടെ വില 80.09 രൂപയായി ഉയർന്നു. ഡൽഹി-എൻസിആർ മേഖലയെ ആശ്രയിച്ച് സർവീസ് നടത്തുന്ന ആയിരക്കണക്കിന് ഓട്ടോറിക്ഷ, ടാക്‌സി തൊഴിലാളികളെയും സാധാരണക്കാരായ യാത്രാ വാഹന ഉടമകളെയും ഈ വിലക്കയറ്റം നേരിട്ട് ബാധിക്കും. ഇതോടൊപ്പം നോയിഡ, ഗാസിയാബാദ് എന്നീ പരിസര പ്രദേശങ്ങളിൽ സിഎൻജി വില കിലോയ്ക്ക് 88.70 രൂപയായും വർധിച്ചിട്ടുണ്ട്.
കഴിഞ്ഞ 15-നായിരുന്നു ഇതിന് തൊട്ടുമുമ്പ് ഇന്ധന കമ്പനികൾ സിഎൻജി കിലോയ്ക്ക് രണ്ടു രൂപ വർധിപ്പിച്ചത്. അന്ന് ഡൽഹിയിലെ നിരക്ക് 77.09 രൂപയിൽ നിന്ന് 79.09 രൂപയായി ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും വില കൂട്ടിയിരിക്കുന്നത്. മെയ് 15-ാം തീയതി രാജ്യത്ത് പെട്രോൾ, ഡീസൽ വിലയും ലിറ്ററിന് മൂന്ന് രൂപ വീതം കേന്ദ്ര സർക്കാർ വർധിപ്പിച്ചിരുന്നു. പെട്രോൾ, ഡീസൽ എന്നിവയുടെ ഉപയോഗം കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് ആഹ്വാനം ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു ആ നടപടി.
