മഴയിലും തോരാത്ത ആവേശമായി ജനം ഒഴുകിയെത്തി. നാടും നഗരവും ഒരു കടലായി ഒഴുകി. എൽഡിഎഫ്‌ സ്ഥാനാർഥി എം സ്വരാജിന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ ഭാഗമായുള്ള കൊട്ടിക്കലാശം നിലമ്പൂരിൽ വികസന തുടർച്ചയ്‌ക്ക്‌ ഇടർച്ചയുണ്ടാകില്ലെന്നതിന്റെ പ്രഖ്യാപനമായി. കാർമുകിൽ മൂടിയ ആകാശത്തിന് കീഴിൽ മാനവഹൃദയങ്ങളിൽ പുഞ്ചിരി വെളിച്ചം തെളിച്ച് എം സ്വരാജിന്റെ റോഡ്ഷോ ജനങ്ങൾ ഏറ്റെടുത്തു.
വഴിക്കടവ് നാരോക്കാവിൽനിന്നാണ് റാലി ആരംഭിച്ചത്. സ്ഥലത്തെത്തിയ സ്വരാജ് അങ്ങാടിയിൽ കൂടിനിന്ന ജനങ്ങളെക്കണ്ട് വോട്ടഭ്യർഥിച്ചു. കോൺ​ഗ്രസ് നേതാവ് ടി എൻ പ്രതാപനുമായി സൗഹൃദം പങ്കിട്ടു. റോഡ്‌ ഷോ കെ രാധാകൃഷ്ണൻ എംപി ഫ്ലാഗ്ഓഫ്ചെയ്തു. തുറന്ന ജീപ്പിൽ ജനങ്ങളെ അഭിവാദ്യംചെയ്ത് സ്വരാജ് നീങ്ങി. മുൻ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ, എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു, പി പി ചിത്തരഞ്ജൻ എംഎൽഎ എന്നിവരും ഒപ്പമുണ്ടായിരുന്നു. നിരവധി ബൈക്കുകളിൽ നൂറുകണക്കിനാളുകൾ അകമ്പടിയേകി. പ്ലക്കാർഡുകളും കൊടികളും വീശി അവർ വിജയാരവം മുഴക്കി.
സ്വരാജ് വരുന്നുണ്ടെന്ന അനൗൺസ്മെന്റ് കേട്ട് പലയിടത്തും വീട്ടുകാർ പുറത്തിറങ്ങി അഭിവാദ്യമർപ്പിച്ചു. നഗരങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾക്കു മുന്നിലും കെട്ടിടങ്ങളിലും ജ്നം കാത്തു നിന്നു. ഫോണിൽ ഫോട്ടോയും വീഡിയോയും പകർത്തി. വഴിവക്കിൽ കാത്തുനിന്നവരും വാഹനങ്ങളിൽ പോകുന്നവരും സ്വരാജിന് പ്രത്യഭിവാദ്യമേകി.
പലയിടത്തും വാഹനങ്ങൾ നിർത്തി സ്വീകരണമൊരുക്കി. ജനാവലി പ്രിയ സ്ഥാനാർഥിയെ ഹാരമണിയിച്ചു. ഇടതുപക്ഷ വികസനത്തിന്റെ കൊടിയടയാളങ്ങളായ വഴിക്കടവ് പഞ്ചായത്തങ്ങാടി പാലവും മുട്ടിക്കടവ് പാലവും മലയോര ഹൈവേയും പിന്നിട്ടായിരുന്നു യാത്ര. ചക്കപ്പാടം, മരുത, വഴിക്കടവ്, മുണ്ട, എടക്കര, ചുങ്കത്തറ, മുട്ടിക്കടവ്, കരുളായി, ചുള്ളിയോട്, പൂക്കോട്ടുംപാടം, അഞ്ചാംമൈൽ, മുക്കട്ട, ചന്തക്കുന്ന് എന്നിവിടങ്ങളിലൂടെ നിലമ്പൂരിലെത്തുമ്പോൾ ആവേശം അലകടലായി. നൃത്തച്ചുവടുകളുമായി കൊട്ടിക്കലാശം.
ചെട്ടിയങ്ങാടി ജങ്‌ഷനിൽആഘോഷാകാഴ്‌ച കാണാൻ ജനം തിങ്ങി നിറഞ്ഞു. ആയിരക്കണക്കിന് പ്രവർത്തകരും നാട്ടുകാരും അണിനിരന്ന റോഡ് ഷോ നഗരം കീഴടക്കി. ആരവം ആകാശം തൊട്ടു. ചെമ്പതാകയ്ക്കു കീഴിൽ നഗരം ആവേശക്കടലായി. സ്വരാജിന്റെ ചിത്രം തുന്നിയ ബനിയനുകളും പ്ലകാർഡുമേന്തി പ്രവർത്തകർ നൃത്തംവച്ചു. ശിങ്കാരി മേളവും നാസിക്‌ ഡോളും ബാൻഡ്‌മേളവും അകമ്പടിയായി. ഘടകകക്ഷികളുടെയും യുവജന സംഘടനകളുടെയും പതാകളേന്തി നിരവധിപേരെത്തി. അക്രാബാറ്റിക്‌ ബാൻഡിനൊപ്പം മഴയും താളമായി. എം സ്വരാജ്‌ വാഹനത്തിനു മുകളിൽ കയറി അഭിവാദ്യമർപ്പിച്ചതോടെ കടലിരമ്പം. ‘നമുക്ക്‌ ഒന്നിച്ച്‌ മത്സരിക്കാം, ഒന്നിച്ച്‌ ജയിക്കാം’–- കുറഞ്ഞ വാക്കുകളിൽ പ്രസംഗം അവസാനിപ്പിച്ചു.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എ വിജയരാഘവൻ, പി പി സുനീർ, സത്യൻ മൊകേരി, പി കെ ബിജു, സി ബി ചന്ദ്രബാബു, അഡ്വ കെ അനിൽകുമാർ എന്നിവരും സ്ഥാനാർഥിക്ക്‌ ഒപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *